ഗാങ്ടോക്: പതിമൂന്നു വർഷത്തിനു ശേഷം ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ സിക്കിമിലെത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് ലാമ എത്തിയിരിക്കുന്നത്. കിഴക്കൻ സിക്കമിലെ ലൈബിങ് സൈനിക ഹെലിപ്പാഡിൽ വന്നിറങ്ങിയ ലാമയെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് നേരിട്ടെത്തി സ്വീകരിച്ചു. പരമ്പരാഗത ബുദ്ധമതാചാരങ്ങളുടെ ഭാഗമായുള്ള നൃത്തം ഷെർബാങ്ങോടു കൂടിയാണ് അദ്ദേഹത്തിന് വരവേൽപ്പ് നൽകിയത്.
സംസ്ഥാനത്തെ വിവിധ സന്യാസി മഠങ്ങളിൽ നിന്നുള്ള സന്യാസിമാരും ടിബറ്റൻ പാർലമെന്‍റിൽ നിന്ന് പുറത്താക്കപ്പെട്ട ചില അംഗങ്ങളും അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയിരുന്നു. ഗാങ്ടോക്കിലാണ് 87കാരനായ ദലൈലാമയ്ക്ക് താമസം ഒരുക്കിയിരിക്കുന്നത്. താമസസ്ഥലത്തേക്കുള്ള വഴി നീളെ നിരവധി പേർ ലാമയെ കാണാനായി തടിച്ചു കൂടിയിരുന്നു. 2010ലാണ് ഇതിനു മുൻപ് ലാമ സിക്കിമിലെത്തിയിട്ടുള്ളത്.
ഒക്റ്റോബറിൽ സന്ദർശനം പ്രഖ്യാപിച്ചിരുന്നെങ്കിലും സിക്കിമിൽ മിന്നൽ പ്രളയമുണ്ടായ സാഹചര്യത്തിൽ സന്ദർശനം നീട്ടി വയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച പാൽജോർ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന പരിപാടിയിൽ അദ്ദേഹം സംസാരിക്കും. 40,000 പേരാണ് പരിപാടിയിൽ പങ്കെടുക്കുക.