ചണ്ഡിഗഡ്: പഞ്ചാബിൽ വ്യാജമദ്യം കഴിച്ച് മരണപ്പെട്ടവരുടെ മരണം 8 ആയി ഉയർന്നു. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ഗുർജാനിൽ ബുധനാഴ്ചയായിരുന്നു സംഭവം. നിരവധി പേർ ഇപ്പോഴും ആശുപത്രിയിൽ കഴിയുകയാണ്. കേസുമായി ബന്ധപ്പെട്ട് 3 പേരെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ സുഖ്‌വീന്ദർ സിംഗ്, മൻപ്രീത് സിംഗ് എന്നിവരിൽനിന്നാണ് ഇവർ മദ്യം വാങ്ങിയതെന്ന് പൊലീസ് പറയുന്നു. ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തു.
വ്യാജമദ്യം കഴിച്ച് 3 പേർ മരിച്ചതായാണ് പൊലീസിന് ആദ്യം വിവരം ലഭിക്കുന്നത്. തുടർന്ന് 2 പേർ കൂടി മരിക്കുകയായിരുന്നു. പിന്നീട് പ്രതികൾ അറസ്റ്റിലായതിനു പിന്നാലെ 3 പേർക്കു കൂടി ജീവന്‍ നഷ്ടമാവുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരവും എക്സൈസ് നിയമപ്രകാരവും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ ഭരണകൂടം അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. കഴിഞ്ഞ വർഷവും മെയ് മാസത്തിൽ തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിൽ വ്യാജമദ്യ ദുരന്തത്തെ തുടർന്ന് 12 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.