ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം. ഡൽഹി റൂസ് അവന്യൂ കോടതിയാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. ശനിയാഴ്ച രാവിലെയോടെയാണ് അരവിന്ദ് കെജ്‌രിവാൾ കോടതിയിൽ ഹാജരായത്. 15000 രൂപയുടെ ബോണ്ടും, ഒരു ലക്ഷം രൂപയുടെ സെക്യൂരിറ്റി ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസിൽ ഇഡിയുടെ സമൻസിലാണ് കേജ്രിവാൾ നേരിട്ട് കോടതിയിൽ ഹാജരായത്. കേജ്രിവാളിനെ ഇന്ന് ഇഡി അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാലിപ്പോൾ മുന്‍കൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇഡിക്ക് നീങ്ങാന്‍ സാധിക്കില്ല. അരവിന്ദ് കെജ്‌രിവാൾ കോടതിയിൽ നിന്നും മടങ്ങി. കേസിൽ അടുത്ത വാദം ഏപ്രിൽ ഒന്നിലേക്ക് മാറ്റി.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് 8 സമന്‍സുകളാണ് കെജ്‌രിവാളിന് ഇഡി ഇതുവരെ അയച്ചിട്ടുള്ളത്. എന്നാൽ ഇതെല്ലാം രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയാണെന്ന് ആരോപിച്ച് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കോടതി ഇഡിക്കു മുന്നിൽ ഇന്ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.