ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാൾ ഒഴിഞ്ഞ ഔദ്യോഗിക വസതിയുടെ കൈമാറ്റത്തെച്ചൊല്ലി ഡൽഹിയിൽ എഎപി സർക്കാരും ലെഫ്റ്റനന്‍റ് ഗവർണറുമായി പോര്. രണ്ടു ദിവസം മുൻപ് ഇവിടേക്കു താമസം മാറ്റിയ മുഖ്യമന്ത്രി അതിഷിയെ ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയുടെ നിർദേശ പ്രകാരം പുറത്താക്കിയെന്ന് എഎപി ആരോപിച്ചു. എന്നാൽ, വീട് അതിഷിക്കു തന്നെ നൽകുമെന്നും പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലുള്ള വീട് കൈമാറുന്നതിനു നടപടിക്രമങ്ങളുണ്ടെന്നും ലെഫ്റ്റനന്‍റ് ഗവർണർ വ്യക്തമാക്കി.
സിവിൽലൈൻസിലെ ഫ്ലാഗ്സ്റ്റാഫ് റോഡിലുള്ള ആറാം നമ്പർ വസതിയിൽ ഇന്നലെ വൈകിട്ടായിരുന്നു നാടകീയ സംഭവങ്ങൾ. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച കെജ്‌രിവാൾ പടിയിറങ്ങിയപ്പോൾ പിൻഗാമി അതിഷി വീട്ടുസാമഗ്രികളെത്തിച്ച് ഇവിടെ താമസം തുടങ്ങിയിരുന്നു. മന്ത്രിസഭാ യോഗവും ഇവിടെ ചേർന്നു. ഇന്നലെ വൈകിട്ട് ലെഫ്റ്റനന്‍റ് ഗവർണറുടെ നിർദേശപ്രകാരമെത്തിയ തൊഴിലാളികൾ ഇവയെല്ലാം വീടിനു പുറത്താക്കി. ഇതോടെ, കേന്ദ്ര സർക്കാരിനെതിരേ രംഗത്തെത്തിയ എഎപി വീട് ബിജെപി നേതാവിനു നൽകാനാണെന്ന് ആരോപിച്ചു.
എന്നാൽ, വീട് കൈമാറ്റത്തിൽ പാലിക്കേണ്ട നടപടികൾ കെജ്‌രിവാളോ അതിഷിയോ പാലിച്ചില്ലെന്നു സക്സേന വിശദീകരിച്ചു. പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലാണു ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. വീടൊഴിയുന്ന കെജ്‌രിവാൾ ഇതു പിഡബ്ല്യുഡിക്കാണ് കൈമാറേണ്ടത്. വകുപ്പിന്‍റെ ഉദ്യോഗസ്ഥർ തുടർന്ന് വീട് പരിശോധിച്ച് സാധനസാമഗ്രികളുടെ പട്ടിക തയാറാക്കിയശേഷമാണ് അടുത്ത മുഖ്യമന്ത്രിക്ക് കൈമാറുന്നത്. എന്നാൽ, കെജ്‌രിവാൾ വീടിന്‍റെ താക്കോൽ അതിഷിക്കു കൈമാറുകയായിരുന്നെന്നും ലെഫ്റ്റനന്‍റ് ഗവർണർ. കെജ്‌രിവാളിന് എന്താണ് ഒളിക്കാനുള്ളതെന്നു ബിജെപി ചോദിച്ചു.