ന്യൂഡൽഹി: റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പോക്‌സോ കേസ് അവസാനിപ്പിക്കണമെന്നറിയിച്ച് ഡൽഹി പൊലീസ് കോടതിയിൽ. പോക്‌സോ കേസിൽ സ്ഥിരീകരണ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് പൊലീസ് റദ്ദാക്കൽ റിപ്പോർട്ടും സമർപ്പിച്ചത്.
ഡൽഹി പട്യാല ഹൗസ് കോടതിയിൽ പോസ്കോ കേസിൽ ഫയൽ ചെയ്ത റദ്ദാക്കൽ റിപ്പോർട്ടിൽ ജൂലൈ 4ന് കോടതി പരിഗണിക്കും. ഇരയുടെ പിതാവിന്‍റെയും ഇരയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കുന്നതെന്നാണ് ഡൽഹി പൊലീസ് പ്രസ്താവനയിൽ പറയുന്നുത്.
അതേസമയം, ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഗുസ്തി താരങ്ങളുടെ പരാതിയിലാണ് ബ്രിജ് ഭൂഷണെതിരായ നടപടി. മാസങ്ങൾ നീണ്ട സമരങ്ങൾക്കൊടുവിലാണ് ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമർപ്പിച്ചത്. ജൂൺ 15 അകം കുറ്റപത്രം സമർപ്പിക്കുമെന്ന് നേരത്തെ തന്നെ കായിക മന്ത്രി അനുരാഗ് താക്കൂർ ഗുസ്തി താരങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു. ഗുസ്തി താരങ്ങളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് ജൂൺ 30 നുള്ളിൽ നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ സിങ്ങിനെയോ സിങ്ങിന്‍റെ കുടുംബാംഗങ്ങളെയോ പങ്കെടുപ്പിക്കരുതെന്നും താരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയിരുന്നത്. എന്നാൽ പിന്നീട് പ്രായപൂർത്തിയാവാത്ത ഗുസ്തി താരം മൊഴി മാറ്റിയിരുന്നു.