തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി 
India

തനിക്കു വേണ്ടി ഗതാഗതം തടസപ്പെടുത്തരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: തനിക്കു വേണ്ടി ഗതാഗത തടസമുണ്ടാക്കരുതെന്നു തെലങ്കാന പൊലീസിന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നിർദേശം. തന്‍റെ വാഹനവ്യൂഹം കടന്നുപോകുന്നതിന്‍റെ പേരിൽ എവിടെയും സാധാരണ യാത്രികരെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറുകളുടെ എണ്ണം 15ൽ നിന്ന് ഒമ്പതായി കുറയ്ക്കാനും തീരുമാനിച്ചു. തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവിന്‍റെ കാലത്തെ പതിവുകളൊന്നും തുടരേണ്ടതില്ലെന്നാണ് റെഡ്ഡിയുടെ തീരുമാനം.

കനത്ത സുരക്ഷയിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു കെസിആറിന്‍റെ യാത്രകൾ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ ബാരിക്കേഡുയർത്തി സാധാരണക്കാരുടെ പ്രവേശനം നിയന്ത്രിച്ചിരുന്നു. എന്നാൽ, രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായതോടെ ഇവയെല്ലാം നീക്കി.

സർക്കാരിനെയും പാർട്ടിയെയും ഒറ്റയ്ക്ക് നിയന്ത്രിച്ചിരുന്ന കെസിആർ ജനങ്ങളുമായി അകലം പാലിച്ചിരുന്നു. എന്നാൽ, തന്‍റെ ശൈലി ഇതല്ലെന്നു വ്യക്തമാക്കുന്ന റെഡ്ഡി ഔദ്യോഗിക വസതിയിലിരിക്കുകയല്ല, ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ അവർക്കിടയിലേക്ക് ഇറങ്ങുകയാകും തന്‍റെ രീതിയെന്നും അറിയിച്ചു.

രാഷ്‌ട്രീയ എതിരാളികൾക്കെതിരേ കെസിആർ സ്വീകരിച്ച കടുത്ത നിലപാടുകളും തനിക്കില്ലെന്ന വ്യക്തമായ സന്ദേശളം റെഡ്ഡി നൽകി. കഴിഞ്ഞ ദിവസം കുളിമുറിയിൽ വീണ് ഇടുപ്പിനു പരുക്കേറ്റ കെസിആറിന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തുക മാത്രമല്ല, ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്തു റെഡ്ഡി. നിയമസഭാ സ്പീക്കറായി ഗഡ്ഡം പ്രസാദ് കുമാറിനെ തെരഞ്ഞെടുക്കുന്നതിൽ ബിആർഎസ് ഉൾപ്പെടെ എല്ലാ പാർട്ടികളുടെയും പിന്തുണ നേടാനും റെഡ്ഡിക്കായി. കേന്ദ്ര സർക്കാരുമായി തെലങ്കാനയുടെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വഴിയൊരുക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ജി. കിഷൻ റെഡ്ഡിയുടെ സഹകരണം തേടിയ റെഡ്ഡി അക്ബറുദ്ദീൻ ഒവൈസിയെ പ്രോടെം സ്പീക്കറാക്കി എഐഎംഐഎമ്മിലേക്കും സൗഹൃദത്തിന്‍റെ പാത തുറന്നിരുന്നു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു