അന്ന സെബാസ്റ്റ്യിൻ പേരയിൽ 
India

'അമിത ജോലിഭാരം': മലയാളി യുവതിയുടെ മരണം കേന്ദ്രം അന്വേഷിക്കും

ന്യൂഡൽഹി: ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായിരുന്ന ഇരുപത്താറുകാരിയുടെ മരണത്തിനു കാരണം അമിത ജോലി സമ്മർദമാണെന്ന ആരോപണത്തെക്കുറിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷണം നടത്തും.

സ്ഥാപനത്തിൽ ജോലിക്കു കയറി നാലു മാസത്തിനുള്ളിൽ തന്‍റെ മകൾ അന്ന സെബാസ്റ്റ്യൻ പേരയിൽ മരിക്കാൻ കാരണമായത് അമിത ജോലിഭാരമാണെന്ന് അന്നയുടെ അമ്മ അനിത അഗസ്റ്റിൻ ആരോപിച്ചിരുന്നു. ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച കത്തിൽ സ്ഥാപനത്തിലെ തൊഴിൽ സംസ്കാരത്തെക്കുറിച്ച് രൂക്ഷമായ വിമർശനമാണ് മലയാളിയായ അനിത ഉന്നയിച്ചിരിക്കുന്നത്.

അമിതമായി ജോലി ചെയ്യുന്നതിനെ വലിയ കാര്യമായി പെരുപ്പിച്ചു കാണിക്കുകയും തൊഴിലാളികൾക്ക് മാനുഷിക പരിഗണന നൽകാതിരിക്കുകയും ചെയ്യുന്ന രീതിയാണ് ഏണസ്റ്റ് ആൻഡ് യങ്ങിൽ നിലവിലുള്ളതെന്നാണ് അനിതയുടെ ആരോപണം.

സ്കൂളിലും കോളെജിലും ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിലും ഉന്നത വിജയം നേടിയ അന്നയുടെ ആദ്യ ജോലിയായിരുന്നു ഏണസ്റ്റ് ആൻഡ് യങ്ങിലേത്. ജോലിക്കു കയറി നാലു മാസത്തിനുള്ളിൽ, 2024 ജൂലൈ 20നാണ് അന്ന മരിക്കുന്നത്. ജോലി രാജിവയ്ക്കുന്നതിനെക്കുറിച്ചും അന്ന ഇതിനിടെ സംസാരിച്ചിട്ടുണ്ടായിരുന്നു എന്നും അമ്മ പറയുന്നു.

അതേസമയം, ആരോഗ്യകരമായ തൊഴിലിടമാണ് ഇന്ത്യയിലെ ഒരു ലക്ഷത്തോളം വരുന്ന ഏണസ്റ്റ് ആൻഡ് യങ് ജീവനക്കാർക്ക് ഉറപ്പാക്കുന്നതെന്നാണ് കമ്പനിയുടെ പ്രതികരണം.

തൃശൂർ പൂരം കലക്കൽ വിവാദം വീണ്ടും ചൂടുപിടിക്കുന്നു

അൻവർ 'വീണ്ടും' പരസ്യ പ്രസ്താവനകൾ നിർത്തി

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ: സുപ്രീം കോടതി നിർണായക വിധി പറയും

ഇടതു നേതാവ് ചരിത്രത്തിൽ ആദ്യമായി ശ്രീലങ്കൻ പ്രസിഡന്‍റ്

മഴ വീണ്ടും കനക്കും; ഏഴ് ജില്ലകളിൽ യെലോ അലർട്ട്