EC says 1,07,202 complaints received so far in the state through CVIGIL mobile app 
India

പെരുമാറ്റച്ചട്ടലംഘനം: ഇതുവരെ ലഭിച്ചത് 1,07,202 പരാതികള്‍

തിരുവനന്തപുരം: പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സി വിജില്‍ മൊബൈല്‍ ആപ്പ് വഴി സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 1,07,202 പരാതികളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഇവയില്‍ അന്വേഷണത്തില്‍ ശരിയെന്ന് കണ്ടെത്തിയ 1,05,356 പരാതികളില്‍ നടപടി എടുത്തു. 183 പരാതികളില്‍ നടപടി പുരോഗമിക്കുന്നു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച മാര്‍ച്ച് 16 മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍, വസ്തുവകകള്‍ വികൃതമാക്കല്‍, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്‍, മദ്യവിതരണം, സമ്മാനങ്ങള്‍ നല്‍കല്‍, ആയുധം പ്രദര്‍ശിപ്പിക്കല്‍, വിദ്വേഷപ്രസംഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജില്‍ മുഖേന കൂടുതലായി ലഭിച്ചത്.

അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 93,540 പരാതികള്‍ ലഭിച്ചപ്പോള്‍ വസ്തുവകകള്‍ വികൃതമാക്കിയത് സംബന്ധിച്ച് 5,908 പരാതികള്‍ ഉണ്ടായി. നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍ സംബന്ധിച്ച 2,150 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 177 പരാതികളും ലഭിച്ചു. പണവിതരണം (29), മദ്യവിതരണം (32), സമ്മാനങ്ങള്‍ നല്‍കല്‍ (24), ആയുധ പ്രദര്‍ശനം (110), വിദ്വേഷപ്രസംഗം (19), സമയപരിധി കഴിഞ്ഞ് സ്പീക്കര്‍ ഉപയോഗിക്കല്‍ (10) തുടങ്ങിയവ സംബന്ധിച്ച പരാതികളും സി വിജില്‍ വഴി ലഭിച്ചു.

പരാതികളില്‍ വസ്തുതയില്ലെന്ന് കണ്ട് 1,663 പരാതികള്‍ തള്ളി. പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച ഏതുതരം പരാതികളും അപ്പപ്പോള്‍ സി വിജില്‍(സിറ്റിസണ്‍സ് വിജില്‍) ആപ്ലിക്കേഷനിലൂടെ അയക്കാമെന്ന് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ അറിയിച്ചു. ആപ്പ് വഴി അയക്കുന്ന പരാതികളിന്മേല്‍ ഉടനടി നടപടി എടുക്കും. ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടു മിനുട്ടില്‍ കൂടാത്ത വീഡിയോ എന്നിവ സഹിതം ചെറുകുറിപ്പോടെ നല്‍കുന്ന പരാതികള്‍ക്ക് 100 മിനുട്ടിനുള്ളില്‍ നടപടിയുണ്ടാവും. സി വിജില്‍ ആപ്ലിക്കേഷന്‍ ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനാവും.

ആയുധങ്ങള്‍ കൊണ്ടുനടക്കല്‍, ഭീഷണിപ്പെടുത്തല്‍, സമ്മാനങ്ങള്‍ വിതരണം ചെയ്യല്‍, മദ്യവിതരണം, പണം വിതരണം, പെയ്ഡ് ന്യൂസ്, ഡിക്ലറേഷനില്ലാത്ത പോസ്റ്ററുകള്‍, അനുമതിയില്ലാതെ പോസ്റ്ററും ബാനറും പതിക്കല്‍, വസ്തുവകകള്‍ നശിപ്പിക്കല്‍, വിദ്വേഷപ്രസംഗങ്ങള്‍, സന്ദേശങ്ങള്‍, റാലികള്‍ക്ക് പൊതുജനങ്ങളെ കൊണ്ടുപോകല്‍, വോട്ടെടുപ്പ് ദിവസം വോട്ടര്‍മാരെ കൊണ്ടുപോകല്‍, അനുവദിക്കപ്പെട്ട സമയപരിധി കഴിഞ്ഞ് സ്പീക്കര്‍ ഉപയോഗിക്കല്‍, അനുമതി കൂടാതെയുള്ള വാഹന ഉപയോഗം എന്നിവയൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ സി വിജില്‍ വഴി പരാതിപ്പെടാം.

ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; 3 മരണം, നിരവധി പേർക്ക് പരുക്ക്

എഡിജിപി തുടരുന്നു, എൽഡിഎഫിൽ അസ്വസ്ഥത

കേന്ദ്ര സർക്കാരിന് തിരിച്ചടി; ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്നു ബോംബെ ഹൈക്കോടതി

വനിതാ ടി-20 ലോകകപ്പ് ക്രിക്കറ്റിന് ഒക്ടോബർ 3 ന് തുടക്കം: ഒരുക്കങ്ങൾ പൂർത്തിയാക്കി യുഎഇ

വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രയേലും ഹിസ്ബുള്ളയും; ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം അഖ്വിൽ കൊല്ലപ്പെട്ടു