India

പ്രധാനമന്ത്രിയുടെ വിവാദ പരാമർശം: ബിജെപി മറുപടി ഇന്ന്

രാഹുൽ ഗാന്ധിക്കെതിരേ ബിജെപി നൽകിയ പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്നു വിശദീകരണം നൽകണം

ന്യൂഡൽഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോൺഗ്രസ് നൽകിയ പരാതിയിൽ ബിജെപി ഇന്നു വിശദീകരണം നൽകണം. രാവിലെ 11നകം വിശദീകരണം നൽകാനാണ് പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയോട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരേ ബിജെപി നൽകിയ പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്നു വിശദീകരണം നൽകണം.

21നു ‌രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ മോദി വിദ്വേഷ പരാമർശം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസും സിപിഐയും സിപിഐ എംഎലും നൽകിയ പരാതിയിലാണു നഡ്ഡയ്ക്കു നോട്ടീസ്. ജനപ്രാതിനിധ്യ നിയമത്തിന്‍റെ 77ാം വകുപ്പ് പ്രകാരമാണു നടപടി. താര പ്രചാരകരുടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്‍റെ ഉത്തരവാദിത്വം പാര്‍ട്ടി അധ്യക്ഷന്‍മാരും ഏറ്റെടുക്കേണ്ടി വരുമെന്ന് കമ്മിഷന്‍ പറഞ്ഞിരുന്നു.

എന്നാൽ, ഇതിനുശേഷവും നിലപാടിൽ ഉറച്ചു നിൽക്കുകയാണു മോദി. മധ്യപ്രദേശിൽ വെള്ളിയാഴ്ചയും ഛത്തിസ്ഗഡിൽ ശനിയാഴ്ചയും കർണാടകയിൽ ഇന്നലെയും പങ്കെടുത്ത തെരഞ്ഞെടുപ്പു റാലികളിലും കോൺഗ്രസ് അധികാരത്തിലെത്തിയാൽ സ്വത്ത് പുനർവിതരണം നടത്തുമെന്ന ആരോപണം ആവർത്തിച്ചു പ്രധാനമന്ത്രി. ഇതിനായി രാജ്യത്തെ മുഴുവൻ പേരുടെയും ആസ്തികളുടെ കണക്കെടുക്കുമെന്നും സ്ത്രീകൾക്കു താലി ഉൾപ്പെടെ നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രസ്താവനയിൽ "മുസ്‌ലിം' എന്നു നേരിട്ട് അദ്ദേഹം പരാമർശിച്ചില്ല.

അതേസമയം, നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്‌ലിംകൾക്കു നല്‍കാന്‍ ആഗ്രഹിക്കുന്നവരാണ് കോൺഗ്രസെന്ന കടുത്ത വിമർശനമാണ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കുറിൽ നിന്നുണ്ടായത്. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍ വിദേശ ശക്തികളുടെ കൈകടത്തല്‍ വ്യക്തമാണെന്നും അവർ രാജ്യത്തെ വിഭജിക്കുമെന്നും ഠാക്കുർ പറഞ്ഞു. സ്വത്ത് പുനർവിതരണ പ്രസ്താവനയിൽ ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് നൽകിയിരിക്കെയാണ് ഠാക്കുറിന്‍റെ വിമർശനം.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നല്‍കുമെന്ന് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബിജെപി റാലിയിൽ ആരോപിച്ചതാണു പ്രധാനമന്ത്രിയെ വിവാദത്തിലാക്കിയത്. വികസനത്തിന്‍റെ ആദ്യ ഫലം ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‌ലിംകൾക്ക് ലഭിക്കണമെന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ പ്രസ്താവന ഓർമിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമർശം.

ഇതു വർഗീയ വിദ്വേഷമുണ്ടാക്കുന്ന പരാമർശമാണെന്നാണു കോൺഗ്രസിന്‍റെ ആരോപണം. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ മോദിക്കെതിരേ വ്യക്തിപരമായ ആരോപണങ്ങളുന്നയിച്ചെന്നാണ് രാഹുലിനെതിരേ ബിജെപിയുടെ പരാതി. രാഹുൽ, രാജ്യത്ത് ഉത്തര- ദക്ഷിണ വിഭജനമുണ്ടാക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും