ചെന്നൈ: ലോട്ടറി രാജാവ് സാന്‍റയാഗോ മാർട്ടിന്‍റെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ റെയ്ഡ്. മാർട്ടിൻ, മകൻ ആദവ് അർജുൻ, കൂട്ടാളികൾ എന്നിവരുടെ ചെന്നൈ, കോയമ്പത്തൂർ, ഹരിയാനയിലെ ഫരീദാബാദ്, പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കോൽക്കത്ത എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ ഉൾപ്പെടെ 20 കേന്ദ്രങ്ങളിലാണു പരിശോധന. ലോട്ടറി വിൽപ്പനയിൽ മാർട്ടിൻ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കൂട്ടം കേസുകളുടെ തുടർച്ചയായാണ് ഇഡി നടപടി. കേസിൽ മുന്നോട്ടുപോകാൻ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ഇഡിക്ക് അനുമതി നൽകിയിരുന്നു.
സിക്കിം ലോട്ടറിയുടെ കേരളത്തിലെ വിൽപ്പനയിലെ ക്രമക്കേട് കാണിച്ച് സർക്കാരിന് 900 കോടി രൂപ നഷ്ടമുണ്ടാക്കിയ കേസിൽ കഴിഞ്ഞ വർഷം മാർട്ടിന്‍റെ 457 കോടി ഇഡി കണ്ടുകെട്ടിയിരുന്നു. സിക്കിം ലോട്ടറിയുടെ പ്രധാന വിതരണക്കാരാണ് മാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗെയിമിങ് സൊല്യൂഷൻസ്. 2019നും 2024നും ഇടയിൽ ഇലക്റ്ററൽ ബോണ്ട് വഴി 1300 കോടി രൂപ സംഭാവന ചെയ്ത മാർട്ടിനായിരുന്നു സുപ്രീം കോടതി റദ്ദാക്കിയ തെരഞ്ഞെടുപ്പു ബോണ്ടിൽ വ്യക്തിപരമായി ഏറ്റവും കൂടുതൽ തുക നൽകിയതിനുളള റെക്കോഡ്.