ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ED) സമൻസ് അയച്ചു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
ഹൈദരാബാദിലെ ഉപ്പലിലുള്ള രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഡീസൽ ജനറേറ്ററുകൾ, അഗ്നിശമന സംവിധാനങ്ങൾ, മേൽക്കൂരകൾ എന്നിവ വാങ്ങിയതിൽ 20 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കേസ്. ഈ ഇടപാടിൽ അസറുദ്ദീനും പങ്കുണ്ടെന്നാണ് സംശയം.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളായിരുന്ന ജി. വിനോദ്, ശിവലാൽ യാദവ്, അർഷദ് അയൂബ് എന്നിവരുടെ വീടുകളിൽ ഇഡി ഇതേ കേസുമായി ബന്ധപ്പെട്ട് നേരത്തെ റെയ്ഡുകൾ നടത്തിയിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കൂടിയാണ് ശിവലാൽ യാദവും അർഷദ് അയൂബും.
ക്രിക്കറ്റിൽ ഒത്തുകളി നടത്തിയെന്ന ആരോപണം നേരിട്ടതിനെത്തുടർന്ന് വിലക്ക് നേരിട്ടിട്ടുള്ള അസറുദ്ദീൻ പിന്നീട് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയായിരുന്നു. ഒത്തുകളി നടന്നു എന്നു പറയുന്ന കാലഘട്ടത്തിൽ അതിനെതിരേ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ ഇന്ത്യയിൽ നിയമങ്ങളും ഉണ്ടായിരുന്നില്ല.