Election Commission seeking action on pm modi hate speech 
India

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിൽ നടപടി; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രസംഗവുമായി ബന്ധപ്പെട്ട ന്യൂസ് പേപ്പര്‍, ചാനല്‍ ക്ലിപ്പുകൾ എന്നിവ ഇന്നു തന്നെ ഹാജരാക്കാനും നിർദേശം.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മോദിയുടെ വിവാദ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ബന്‍സ്വാര ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. മോദിയുടെ പ്രസംഗത്തിന്‍റെ ഉള്ളടക്കം എഴുതി നല്‍കണം. പ്രസംഗവുമായി ബന്ധപ്പെട്ട ന്യൂസ് പേപ്പര്‍, ചാനല്‍ ക്ലിപ്പുകൾ എന്നിവ ചൊവ്വാഴ്ച്ച ദിവസം തന്നെ ഹാജരാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാർക്ക് സ്വത്ത് നൽകും; വിവാദം വിടാതെ മോദി

രാജ്യത്തിന്‍റെ സ്വത്ത് പുനർവിതരണം ചെയ്യാനാണു കോൺഗ്രസ് പദ്ധതിയിടുന്നതെന്ന് ആവർത്തിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളുടെ സ്വർണമുൾപ്പെടെ സ്വത്തുക്കൾ മുസ്‌ലിംകൾക്ക് വീതിച്ചു നൽകാനാണു കോൺഗ്രസിന്‍റെ നീക്കമെന്ന് രാജസ്ഥാനിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെയാണു മോദി അലിഗഡിൽ ഇതേ വിഷയം വീണ്ടുമുയർത്തിയത്. എന്നാൽ, ഇന്നലെ മുസ്‌ലിം എന്ന പരാമർശം ഒഴിവാക്കിയ പ്രധാനമന്ത്രി കോൺഗ്രസും എസ്പിയും പ്രീണന നയമാണു തുടരുന്നതെന്ന് ആരോപിച്ചു. തന്‍റെ സർക്കാർ മുസ്‌ലിംകൾക്കു വേണ്ടി ചെയ്ത പദ്ധതികളും അദ്ദേഹം വിശദീകരിച്ചു

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബൻസ്‌വാരയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പരാമർശം. 'രാജ്യത്തെ ശമ്പളക്കാരുടേതടക്കം സ്വത്തിന്‍റെ കണക്കെടുക്കുകയാണ് കോൺഗ്രസ്. അത് വീതിച്ചു നൽകുമെന്നാണ് കോൺഗ്രസ് പറയുന്നത്. ആർക്കായിരിക്കും അതു നൽകുക? രാജ്യത്തെ വികസനത്തിന്‍റെ ആദ്യ നേട്ടം ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‌ലിംകൾക്ക് ലഭിക്കണമെന്നാണു പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് പറഞ്ഞത്. അതുപ്രകാരം സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും വീതിച്ചു നൽകും. നമ്മുടെ അമ്മമാരുടെയും നല്‍കുമെന്നും മോദി പറഞ്ഞു. അമ്മമാർക്കും സഹോദരിമാർക്കും സ്ത്രീധനമായി ലഭിച്ച സ്വർണവും താലിയും വരെ നഷ്ടമാകും''- മോദി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് തുടങ്ങിയവര്‍ ഈ പ്രസ്താവനയ്ക്കെതിരേ രംഗത്തെത്തി. രാജ്യചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തന്‍റെ പദവിയുടെ അന്തസ് മോദിയോളം താഴ്‌ത്തിയിട്ടില്ലെന്ന് ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍ എവിടെയെങ്കിലും ഹിന്ദു, മുസ്‌ലിം എന്നിങ്ങനെ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ കാണിച്ചുതരണമെന്ന് പവന്‍ ഖേര വെല്ലുവിളിച്ചു. സുപ്രീം കോടതിയും തെരഞ്ഞെടുപ്പു കമ്മിഷനും നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

അതേസമയം, പ്രധാനമന്ത്രിയെ പിന്തുണച്ച് ബിജെപി രംഗത്തെത്തി. വികസന നേട്ടത്തിന്‍റെ ആദ്യ ഗുണഭോക്താക്കൾ ന്യൂനപക്ഷങ്ങളായിരിക്കണം എന്നു പറഞ്ഞത് കോൺഗ്രസാണെന്നു പറഞ്ഞ അമിത് ഷാ, എന്തിനാണ് സ്വത്തിന്‍റെ കണക്കെടുക്കുന്നതെന്നു ചോദിച്ചു. വിവാദം രൂക്ഷമായിരിക്കെയാണ് ഇന്നലെ യുപിയിൽ ന്യൂനപക്ഷ സ്വാധീനമേറെയുള്ള അലിഗഡിലെ റാലിയിലും മോദി ഇതേ വിഷയമുയർത്തിയത്. സ്വത്തിന്‍റെ കണക്കെടുത്തശേഷം പുനർവിതരണം നടത്തുമെന്നാണു കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ പറയുന്നത്. നിങ്ങൾക്ക് രണ്ടു വീടുണ്ടെങ്കിൽ ഒരു വീട് പിടിച്ചെടുക്കും. അമ്മമാരും സഹോദരിമാരും സൂക്ഷിച്ചുവച്ച സ്വർണം പിടിച്ചെടുക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി പക്ഷേ, മുസ്‌ലിം എന്ന പരാമർശം ഒഴിവാക്കി. അതേസമയം, മുത്തലാഖ് നിരോധിച്ചതും ഹജ് ക്വോട്ട വർധിപ്പിച്ചതുമടക്കം തന്‍റെ സർക്കാർ മുസ്‌ലിംകൾക്കു വേണ്ടി സ്വീകരിച്ച നടപടികൾ അദ്ദേഹം വിശദീകരിച്ചു.

പാലക്കാടിന് ജനവിധി ദിനം

എ.ആർ. റഹ്മാന്‍റെ ഭാര്യ വിവാഹമോചനം പ്രഖ്യാപിച്ചു

അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; പക്ഷേ, ആരുമായി കളിക്കും?

ലോകം ആണവയുദ്ധ ഭീതിയിൽ

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം