ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ വിദ്വേഷ പരാമർശത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പു കമ്മിഷൻ. ഈ മാസം 29 ന് 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷൻ പ്രധാനമന്ത്രിക്ക് നോട്ടീസയച്ചു. കോൺഗ്രസും സിപിഎമ്മും ഉൽപ്പെടെ നിരവധിപേരാണ് പരാതിയുമായി തെരഞ്ഞെടുപ്പു കമ്മിഷന്‍റെ സമീപിച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
രാജ്യത്തിന്‍റെ സ്വത്ത് കോൺഗ്രസ് മുസ്ലീങ്ങൾക്ക് നൽകുമെന്നായിരുന്നു രാജസ്ഥാനിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മോദി പറഞ്ഞത്. കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ പറയുന്നതനുസരിച്ച് അമ്മമാരുടേയും സഹോദരിമാരുടേയും കൈവശമുള്ള സ്വർണം വിതരണം ചെയ്യും. രാജ്യത്തിന്‍റെ സമ്പത്തിനു മുകളിൽ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിങ്ങൾക്കാണെന്നുമായിരുന്നു മൻമോഹൻസിങ് സർക്കാരിന്‍റെ വാദമെന്നും മോദി പറഞ്ഞിരുന്നു.