ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്‍റ് പാസാക്കിയാലും പ്രാബല്യത്തിൽ വരാൻ 2029 വരെ കാക്കേണ്ടി വരുമെന്ന് സൂചന. പാർലമെന്‍റ് മണ്ഡലങ്ങളുടെ പുനർനിർണയം (ഡീലിമിറ്റേഷൻ) പൂർത്തിയായ ശേഷം മാത്രം നിയമസഭകളിലും പാർലമെന്‍റിലും 33% വനിതാ സംവരണം നടപ്പാകുന്ന വിധത്തിലാണ് ബിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
27 വർഷം മുൻപ് ആദ്യമായി പാർലമെന്‍റിലെത്തിയ ബില്ലിന് സമാജ്‌വാദി പാർട്ടി പോലെ ഒബിസി സംവരണത്തിനു വേണ്ടി വാദിക്കുന്നവരുടെ കടുത്ത എതിർപ്പ് കാരണം മുന്നോട്ടു പോകാനായിരുന്നില്ല.
ഇപ്പോൾ അവതരിപ്പിച്ച് പാസാക്കാൻ സാധിച്ചാലും, അതിനു ശേഷം നടത്തുന്ന ആദ്യ സെൻസസിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാവും ഏതൊക്കെ മണ്ഡലങ്ങളിൽ സംവരണം ഏർപ്പെടുത്തണമെന്നു നിശ്ചയിക്കുക. 2027ലാണ് രാജ്യത്ത് അടുത്ത ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്.
ബില്ലിൽ പട്ടികജാതി - പട്ടിക വർഗ സംവരണത്തിനും വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഒബിസി (മറ്റു പിന്നാക്ക വിഭാഗങ്ങൾ) സംവരണത്തിനു നിർദേശമില്ല. ഇത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കാനുള്ള സാധ്യത ഏറെയാണ്. ഒബിസി വോട്ടുകൾ മിക്ക സംസ്ഥാനങ്ങളിലും നിർണായകമാകുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
വനിതകൾക്കായി ആകെ സംവരണം ചെയ്യുന്ന സീറ്റുകളുടെ മൂന്നിലൊന്ന് പട്ടിക ജാതി - പട്ടിക വർഗങ്ങളിൽനിന്നുള്ള വനിതകൾക്കായി നീക്കിവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. സംവരണം ചെയ്യപ്പെടുന്ന മണ്ഡലങ്ങളിൽ മാറ്റം വരുത്തുന്നതും ഡീലിമിറ്റേഷൻ വഴി മാത്രമായിരിക്കുമെന്നാണ് കരട് ബില്ലിലെ നിർദേശമെന്നും സൂചന.