Representative image of a broken side mirror of a car AI-generated
India

മകനെ ഇടിച്ചുകൊന്ന കാർ അച്ഛൻ കണ്ടെത്തി; 8 വർഷത്തിനു ശേഷം പുനരന്വേഷണം

ഗുഡ്ഗാവ്: 2015 ജൂണിൽ തന്‍റെ മകനെ ഇടിച്ചുകൊന്ന കാറിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ജിതേന്ദർ ചൗധരി ഇത്രയും കാലം. കാറിൽനിന്ന് ഒടിഞ്ഞുവീണ സൈഡ് മിററും ചെറിയൊരു ലോഹക്കഷണവും മാത്രമാണ് തെളിവായി കൈലിയുണ്ടായിരുന്നത്. ഇതുവച്ച് നടത്തിയ അന്വേഷണം എട്ടു വർഷത്തിനൊടുവിൽ ലക്ഷ്യം കണ്ടിരിക്കുന്നു.

അപകടം നടന്ന സ്ഥലത്തുനിന്നു കിട്ടിയ തെളിവുകൾ അടുത്തുള്ള വർക്ക്‌ഷോപ്പുകളിലും സർവീസ് സെന്‍ററുകളിലും കാണിച്ച്, ഇങ്ങനെയൊരു കാർ എവിടെയെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ എന്നായിരുന്നു ആദ്യത്തെ പരിശോധന. പൊലീസുകാർ ചെയ്യാറുള്ള രീതി തന്നെ.

എന്നാൽ, ഇതുകൊണ്ട് പ്രയോജനമൊന്നുമുണ്ടായില്ല. എന്നാൽ, ഈ സൈഡ് മിറർ ഒരു മാരുതി സുസുക്കി സ്വിഫ്റ്റ് വിഡിഐയുടേതാണെന്ന് ഒരു മെക്കാനിക്ക് കിറുകൃത്യമായി പറഞ്ഞുകൊടുത്തു. ഇതോടെ ജിതേന്ദർ സഹായത്തിന് മാരുതി കമ്പനിയെ തന്നെ സമീപിച്ചു.

മാസങ്ങളുടെ കാലതാമസമുണ്ടായെങ്കിലും, മിററിൽ പ്രിന്‍റ് ചെയ്തിരുന്ന ബാച്ച് നമ്പർ ഉപയോഗിച്ച് കാറിന്‍റെ രജിസ്ട്രേഷൻ നമ്പറും അതിന്‍റെ ഉടമയെയും കണ്ടെത്താൻ കമ്പനി സഹായിച്ചു. ഇത്രയും വിവരങ്ങൾ പൊലീസിനു കൈമാറിയിട്ടും പക്ഷേ, പ്രതിയെ പിടിക്കാനായില്ല. ഇതെത്തുടർന്ന് 2016ൽ, അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യവുമായി മജിസ്ട്രേറ്റ് കോടതിയിലേക്ക്. പ്രതിയെ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.

2018ൽ വീണ്ടും കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിപ്പോയി. ഇതിനെതിരേ സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. അതും തള്ളി.

തന്‍റെ മകനെ ഇടിച്ച കാറിന്‍റെ ഉടമയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് 2023 ജനുവരിയിൽ വീണ്ടും കോടതിയിലേക്ക്. പരാതിക്കാരന് നോട്ടീസ് നൽകാതെ, പ്രതിയെ കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോർട്ട് അംഗീകരിച്ചതു നിയമവിരുദ്ധമാണെന്ന് ഇക്കുറി വിധിയുണ്ടായി. പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചതെന്ന നിരീക്ഷണവും വന്നു.

ഇതെത്തുടർന്ന് ഓഗസ്റ്റിൽ പൊലീസ് ഒരു റിപ്പോർട്ട് കൂടി സമർപ്പിച്ചു. അന്വേഷണോദ്യോഗസ്ഥൻ സ്ഥലത്തില്ല എന്നു മാത്രമാണ് അതിൽ പറഞ്ഞിരുന്നത്. ഇതു പൊലീസിന്‍റെ അനാസ്ഥയായി കണക്കാക്കിയ കോടതി, ബോധപൂർവം കേസ് അന്വേഷിക്കാതിരിക്കുകയാണ് പൊലീസ് ചെയ്തതെന്നും അത് തെളിവ് നശിപ്പിക്കലാണെന്നുമുള്ള നിഗമനത്തിലെത്തി. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പ് തല അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.

ഒടുവിൽ, ഒരാഴ്ച മുൻപ് ഗ്യാൻ ചന്ദ് എന്ന പ്രതിക്കെതിരേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോടതി ഉത്തരവ് പ്രകാരം കേസിൽ പുനരന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു