ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച. രാവിലെ 11നു ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമനാണു ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ തുടർച്ചയായ ഏഴാം ബജറ്റാണിത്. സി.ഡി. ദേശ്മുഖിനു ശേഷം ഈ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ ധനമന്ത്രിയാണ് നിർമല.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ധനമന്ത്രി സാമ്പത്തിക സർവെ സഭയിൽ അവതരിപ്പിച്ചു. രാജ്യം 6.5-7 ശതമാനം വളർച്ച നേടുമെന്നാണു സർവെയിലെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "വികസിത് ഭാരത് 2047' എന്ന ലക്ഷ്യത്തിലേക്കുള്ള അടിത്തറയിടുന്നതാകും ബജറ്റ് നിർദേശങ്ങളെന്നാണു കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കർഷക, മധ്യവർഗ വിഭാഗങ്ങളിൽ നിന്ന് ബിജെപിക്കു തിരിച്ചടിയേറ്റിരുന്നു. മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ ഈ വിഭാഗങ്ങളെ ആകർഷിക്കാനുള്ള നടപടികളുണ്ടായേക്കും. ആദായനികുതി പരിധിയിലടക്കം ഇളവുകൾ പ്രതീക്ഷിക്കുന്നുണ്ട്. നിക്ഷേപകർക്ക് ഊർജം നൽകുന്ന പ്രഖ്യാപനങ്ങളുമുണ്ടാകും.
തിങ്കളാഴ്ച രാവിലെ ചേർന്ന എൻഡിഎ യോഗം ബജറ്റ് അവതരണത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്തു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടേണ്ടതിനെക്കുറിച്ചും മുതിർന്ന നേതാക്കൾ ഉപദേശം നൽകി. മുഴുവൻ എംപിമാരും സഭയിലുണ്ടാകണമെന്നാണു നിർദേശം. ബജറ്റ് അവതരണത്തിനു ശേഷം എല്ലാ എൻഡിഎ എംപിമാർക്കും പ്രധാന നിർദേശങ്ങളുടെ പകർപ്പ് നൽകുമെന്നും എല്ലാവരും ഒരേ സ്വരത്തിലായിരിക്കണം പ്രതികരിക്കേണ്ടതെന്നും നേതാക്കൾ.
അമൃതകാലത്തിനു ചേർന്ന ബജറ്റാകും നിർമല അവതരിപ്പിക്കുകയെന്നു പ്രധാനമന്ത്രി പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ കരുത്താണ് സാമ്പത്തിക സർവെയിൽ വ്യക്തമാകുന്നത്. സർക്കാർ നടത്തിയ പരിഷ്കരണങ്ങളുടെ ഫലവും തെളിഞ്ഞുകാണാം. കൂടുതൽ വളർച്ചയും പുരോഗതിയും നേടേണ്ട മേഖലകളെക്കുറിച്ചും വികസിത് ഭാരത് നിർമാണത്തെക്കുറിച്ചും അത് ചൂണ്ടിക്കാട്ടുന്നുവെന്നും മോദി പറഞ്ഞു.