ആന്ധ്ര പ്രദേശിലും തെലങ്കാനയിലും പ്രളയം; മരണസംഖ്യ 31 ആയി 
India

ആന്ധ്ര പ്രദേശിലും തെലങ്കാനയിലും പ്രളയം; മരണസംഖ്യ 31 ആയി

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി എന്നിവരുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി

ഹൈദരാബാദ്: മൂന്നു ദിവസമായി തുടരുന്ന പേമാരിയും പ്രളയവും ദുരിതത്തിലാക്കിയ ആന്ധ്ര പ്രദേശിലും തെലങ്കാനയിലുമായി 31 പേർ മരിച്ചു. ആയിരങ്ങൾ പ്രളയക്കെടുതിയിലാണ്. ഹൈദരാബാദും വിജയവാഡയുമടക്കം നഗരങ്ങളിലും പ്രളയജലമെത്തി. റോഡ്, റെയ്‌ൽ ഗതാഗതം തടസപ്പെട്ടു. കേരളത്തിലേക്കുള്ളതടക്കം 100ലേറെ ട്രെയ്‌നുകൾ റദ്ദാക്കി. ദക്ഷിണ- മധ്യ റെയ്‌ൽവേയിൽ പലയിടത്തും റെയ്‌ൽ പാളത്തിനു ചുവട്ടിലെ മണ്ണ് പ്രളയജലത്തിൽ ഒഴുകിപ്പോയി. കൃഷ്ണയും ഗോദാവരിയുമടക്കം നദികൾ കരകവിഞ്ഞു. ഇപ്പോഴും മഴ തുടരുകയാണ്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി എന്നിവരുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. ഹൈദരാബാദിൽ ഇന്നലെ സ്കൂളുകൾക്ക് അവധി നൽകി. നിരവധി കെട്ടിടങ്ങളുടെ താഴത്തെ നിലകൾ വെള്ളക്കെട്ടിലാണ്. യാത്രകൾ ഒഴിവാക്കി വീട്ടിലിരുന്ന് ജോലി ചെയ്യാൻ മുഖ്യമന്ത്രി അഭ്യർഥിച്ചു. ആന്ധ്രയിൽ ബുഡമേരു നദി കരകവിഞ്ഞതോടെ വിജയവാഡ നഗരം പൂർണമായി വെള്ളത്തിലായി. ദുരിതബാധിതർക്ക് രക്ഷാസേന ഭക്ഷണപ്പൊതികൾ എത്തിച്ചു. 50 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണു വിജയവാഡയിലുണ്ടായത്. ഞായറാഴ്ച വൈകിട്ടു വരെയുള്ള 24 മണിക്കൂറിൽ 29 സെന്‍റിമീറ്റർ മഴ പെയ്തു. നഗരത്തിന്‍റെ 40 ശതമാനം പ്രദേശം വെള്ളത്തിൽ മുങ്ങി.

കൃഷ്ണ നദി കരകവിഞ്ഞതോടെ തെലങ്കാനയിൽ നിന്നു കൂടുതൽ വെള്ളം ആന്ധ്രയിലേക്ക് ഒഴുകിയെത്തിയത് ദുരിതം ഇരട്ടിയാക്കി. ഇതിനിടെ പ്രകാശം അണക്കെട്ട് തുറന്നുവിട്ടതും ആന്ധ്രയ്ക്ക് പ്രതിസന്ധിയായി. ഇരു സംസ്ഥാനങ്ങളിലുമായി രക്ഷാപ്രവർത്തനത്തിന് 26 ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘങ്ങളെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു. ദക്ഷിണ - മധ്യ റെയിൽവേ 99 ട്രെയ്‌നുകൾ പൂർണമായും നാലു സർവീസുകൾ ഭാഗികമായും റദ്ദാക്കി. 54 ട്രെയ്നുകള്‍ വഴിതിരിച്ചുവിട്ടു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ