കൊച്ചി: രാജ്യത്തെ നാണയപ്പെരുപ്പം വീണ്ടും അപകടകരമായി ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് പെട്രോളിന്റെയും ഡീസലിന്റെയും കസ്റ്റംസ് തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.
ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ജനുവരിയിൽ റിസർവ് ബാങ്കിന്റെ സുരക്ഷിത നിലയും കവിഞ്ഞ് മുകളിലെത്തിയതിനാൽ വിലക്കയറ്റം നേരിടുന്നതിനുള്ള നടപടികൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. വിപണിയിലെ പണലഭ്യതയ്ക്ക് ഉപരിയായി രാജ്യാന്തര മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളാണ് നിലവിൽ രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കുന്നതെന്നും നയ രൂപീകരണ ഏജൻസികൾ വിലയിരുത്തുന്നു.
ഇന്ധന വിലയിലെ അധിക ബാധ്യത മൂലം ട്രാൻസ്പോർട്ടിങ് ചെലവിലുണ്ടായ വർധനയാണ് അവശ്യ സാധനങ്ങളുടെ വില കുറയാത്തതിന് പ്രധാന കാരണമെന്നും വിലയിരുത്തുന്നു. അതിനാൽ പെട്രോളിന്റെ ഇറക്കുമതി തീരുവ ലിറ്ററിന് 3 രൂപയും ഡീസലിന്റെ തീരുവ ലിറ്ററിന് 5 രൂപയും കുറയ്ക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ഫെബ്രുവരിയിലെ നാണയപ്പെരുപ്പ കണക്കുകൾ കൂടി പരിശോധിച്ച് മാർച്ച് പകുതിയോടെ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കും.
രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക് 8 വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന തലത്തിലെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം മേയിൽ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചിരുന്നു. പിന്നീട് കേന്ദ്ര ഇടപെടലിനെ തുടർന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ ഉത്പന്നങ്ങളുടെ മൂല്യവർധിത നികുതിയും കുറച്ചിരുന്നു.
കൂടാതെ കേന്ദ്ര സർക്കാരിന്റെ നാണയപ്പെരുപ്പ യുദ്ധത്തിന് കരുത്ത് പകരാനായി കഴിഞ്ഞ വർഷം ഏപ്രിൽ 6ന് ശേഷം ഇന്നുവരെ പൊതുമേഖലാ എണ്ണ കമ്പനികൾ ആഗോള വിപണിയിലെ വില വർധനയ്ക്ക് ആനുപാതികമായി ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടാൻ തയാറായിരുന്നില്ല. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം മൂലം ക്രൂഡ് വില 100 ഡോളറിന് മുകളിൽ തുടർന്നപ്പോഴും നഷ്ടം സഹിച്ചും പൊതുമേഖലാ കമ്പനികൾ പെട്രോളും ഡീസലും കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു.
ഇതിനിടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ബാരലിന് 80 ഡോളറിലെത്തിയതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പന വില കുറയ്ക്കാൻ തയാറാവണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞ മാസം എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ നഷ്ടം നികത്താൻ വിഷമിക്കുന്ന കമ്പനികൾ ഈ നിർദേശം അനുസരിക്കാത്തതിനാലാണ് എക്സൈസ് നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.
കഴിഞ്ഞ വർഷം മേയ് മാസത്തിനു ശേഷം വിലക്കയറ്റം നേരിടാനായി റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് ആറ് തവണയായി 2.5 ശതമാനം വർധിപ്പിച്ചിട്ടും കാര്യമായ ഗുണം ലഭിക്കാത്തതിനു കാരണം ആഗോള പ്രശ്നങ്ങളാണെന്നും ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സപ്ലൈ ശ്യംഖലയിലെ പ്രശ്നങ്ങളെ നേരിടാൻ നികുതി ഇളവുകൾ മികച്ച ഫലം നൽകുമെന്ന് കൊച്ചിയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റായ പി. രവീന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ലോകം നേരിടുന്ന വിലക്കയറ്റ ഭീഷണി ഇന്ത്യയെ കാര്യമായി ആലോസരപ്പെടുത്താതിരുന്നതിനു കാരണം ഇന്ധന നികുതിയിലെ ഇളവുകളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.