ബാരി (ഇറ്റലി): ജി7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയും. തെക്കൻ ഇറ്റലിയിലെ അപുലിയയിൽ ബോർഗോ എഗ്നാസിയയിൽ നടക്കുന്ന ഉച്ചകോടിയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ആഫ്രിക്ക, ഊർജം, മെഡിറ്ററേനിയൻ വിഷയങ്ങളുടെ ചർച്ചയ്ക്കു മുന്നോടിയായിരുന്നു ഊഷ്മളമായ കൂടിക്കാഴ്ച. വീൽചെയറിലെത്തിയ മാർപാപ്പയും മോദിയും ഇരുകൈകളും കോർത്ത് അഭിവാദ്യം ചെയ്തശേഷം ആശ്ലേഷിച്ചു. പുഞ്ചിരിച്ചുകൊണ്ട് ഇരുവരും കുശലം പങ്കുവയ്ക്കുകയും ചെയ്തു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലൂനി 87 പിന്നിട്ട മാർപാപ്പയ്ക്ക് ഒപ്പമുണ്ടായിരുന്നു.ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ നന്മയ്ക്കു വേണ്ടി ഉപയോഗിക്കണമോ എന്നത് നമ്മുടെ തീരുമാനത്തെ ആശ്രയിച്ചാണുള്ളതെന്നു മാർപാപ്പ ഉച്ചകോടിയിൽ പറഞ്ഞു.
നേരത്തേ, ജോർജിയ മെലൂനിക്കു പുറമേ യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളൊഡിമിർ സെലെൻസ്കി, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്ക് തുടങ്ങി ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി. തുടർച്ചയായ മൂന്നാം തെരഞ്ഞെടുപ്പ് വിജയത്തിനു നേതാക്കൾ മോദിയെ അഭിനന്ദിച്ചു. ഇന്ത്യൻ ശൈലിയിൽ ഇരുകൈകളും കൂപ്പി "നമസ്തേ' എന്നു പറഞ്ഞ് അഭിവാദ്യം ചെയ്താണ് ജോർജിയ മെലൂനി മോദിയെ സ്വീകരിച്ചത്. മറ്റു ലോക നേതാക്കളെയും മെലൂനി കൈകൂപ്പിയാണു സ്വീകരിച്ചത്. ഇതു വലിയ ശ്രദ്ധ നേടുകയും ചെയ്തു.
മാർപാപ്പയുമായി പ്രധാനമന്ത്രി രണ്ടാം തവണയാണു കൂടിക്കാഴ്ച നടത്തുന്നത്. 2021 ഒക്റ്റോബറിൽ വത്തിക്കാനിലെ ആസ്ഥാനത്ത് പാപ്പയും മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകം കൊവിഡ് 19നെ നേരിട്ടുകൊണ്ടിരുന്ന സമയത്തായിരുന്നു ഇരുവരും കണ്ടത്. ഇന്ത്യ കൊവിഡിനെ നേരിടുന്നതിനെക്കുറിച്ച് മോദി വിശദീകരിച്ചു. ഏഷ്യയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. മാർപാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണു കരുതുന്നത്.