ജയ്പുർ: സാധാരണക്കാരുടെ നടുവൊടിക്കുന്ന ഇന്ധന വിലക്കയറ്റം അവസാനിപ്പിക്കാനുള്ള മാർഗം പങ്കുവച്ച് കേന്ദ്ര ഉപരിതല, ഹൈവേ, ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി. ലിറ്ററിന് 15 രൂപയ്ക്ക് പെട്രോൾ വിൽക്കാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന പദ്ധതിയാണു ഗഡ്കരി മുന്നോട്ടുവച്ചത്. ഇതിലൂടെ രാജ്യത്തെ കർഷകരെ ശാക്തീകരിക്കാമെന്നും അദ്ദേഹം രാജസ്ഥാൻ പ്രതാപ്ഗഡിലെ റാലിയിൽ പറഞ്ഞു.
5,600 കോടി രൂപയുടെ 11 ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനവും 3,775 കോടി ചെലവിട്ട് നിർമിച്ച 219 കിലോമീറ്റർ ദൈർഘ്യമുള്ള 4 ദേശീയപാതകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
""കർഷകരെ അന്നദാതാക്കൾ മാത്രമായല്ല ഈ സർക്കാർ കാണുന്നത്. അവർ ഉത്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗിച്ച് എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങിയാൽ അവരെ ഊർജദാതാക്കൾ കൂടിയായി മാറ്റാം. അതാണ് ഈ സർക്കാരിന്റെ മനോഭാവം. വാഹനങ്ങളിൽ ശരാശരി 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ഉപയോഗിച്ചാൽ, പെട്രോൾ ലിറ്ററിന് 15 രൂപയ്ക്കു ലഭ്യമാകും. ജനങ്ങൾക്കെല്ലാം അതിന്റെ നേട്ടമുണ്ടാകും''- ഗഡ്കരി പറഞ്ഞു.
പഞ്ചസാര പുളിപ്പിച്ച് തയാറാക്കുന്ന പ്രകൃതിദത്ത ഇന്ധനമാണ് ഈഥൈൽ ആൽക്കഹോൾ അഥവാ എഥനോൾ. കരിമ്പിൽ നിന്ന് പഞ്ചസാര വേർതിരിച്ചെടുത്താണ് ഉത്പാദിപ്പിക്കുക. ചോളം പോലുള്ള മറ്റു ഭക്ഷ്യധാന്യങ്ങളും ഉപയോഗിക്കാം. ഇത്തരത്തിൽ മിശ്രിത ഇന്ധനം ഉപയോഗിക്കുമ്പോൾ പരിസ്ഥിതി മലിനീകരണം മാത്രമല്ല, ഇന്ധന ഇറക്കുമതിയും കുറയും. ഇന്ധന ഇറക്കുമതിക്കായും മറ്റും ചെലവാകുന്ന 16 ലക്ഷം കോടി രൂപ കർഷകരുടെ ഭവനങ്ങളിലേക്ക് എത്തുകയും ചെയ്യും- ഗഡ്കരി വിശദീകരിച്ചു.
ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വിറ്റുവരവ് ഇപ്പോഴത്തെ 7.5 ലക്ഷം കോടിയില്‍ നിന്ന് 15 ലക്ഷം കോടിയായി വർധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാഹന നിര്‍മാണത്തില്‍ ജപ്പാനെ പിന്തളളി ചൈനയും യുഎസും കഴിഞ്ഞാല്‍ ആഗോളതലത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ഓട്ടൊ റിക്ഷകള്‍ മുതല്‍ കാറുകള്‍ വരെയുള്ള വാഹനങ്ങള്‍ എഥനോള്‍ ഉപയോഗിച്ച് ഓടുന്ന കാലം വിദൂരമല്ല- അദ്ദേഹം പറഞ്ഞു.