ബംഗളൂരു: തക്കാളിക്ക് വില വർധിക്കുന്നതിനിടെ വൻ തക്കാളിക്കൊള്ളയ്ക്കു സാക്ഷിയായിരിക്കുകയാണ് ബംഗളൂരു നഗരം. രണ്ടര ടൺ തക്കാളിയുമായി പോയിരുന്ന ട്രക്കാണ് മൂന്നു പേരടങ്ങുന്ന മോഷ്ടാക്കൾ തട്ടിയെടുത്തത്. ഏകദേശം മൂന്നു ലക്ഷം രൂപയോളം വില വരുന്ന തക്കാളിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
ചിക്കജാലയ്ക്കു സമീപമാണ് സംഭവം. ശനിയാഴ്ച ചിത്രദുർഗ ജില്ലയിൽ നിന്ന് തക്കാളിയുമായി കോളാറിലേക്കു പോയിരുന്ന കർഷകൻ മല്ലേഷാണ് കൊള്ളയ്ക്ക് ഇരയായത്. ട്രക്കിനെതിരേ വന്നിരുന്ന കാറിൽ സഞ്ചരിച്ചിരുന്നവർ ട്രക്കിടിച്ച് കാറിന്‍റെ കണ്ണാടി പൊട്ടിയെന്നാരോപിച്ച് വൻ തുക ആവശ്യപ്പെടുകയായിരുന്നു. മല്ലേഷിന്‍റെയും ഡ്രൈവറിന്‍റെയും കൈയിൽ പണമില്ലെന്ന് മനസിലായതോടെ രണ്ടര ടൺ തക്കാളിയും ട്രക്കും കൈവശപ്പെടുത്തി ഓടിച്ചു പോകുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ഹസൻ ജില്ലയിലെ മേലൂരിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് 2.7 ലക്ഷം രൂപ വില വരുന്ന തക്കാളിയാണ് മോഷ്ടിക്കപ്പെട്ടത്.