ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഐഐടി-ബിഎച്ച്‌യു കാംപസിൽ വിദ്യാർഥിനിയെ ബലമായി ചുംബിക്കുകയും വസ്ത്രം വലിച്ചുകീറുകയും, അക്രമികൾ തന്നെ ഇതെല്ലാം വീഡിയോയിൽ പകർത്തുകയും ചെയ്തു. സംഭവത്തെത്തുടർന്ന് ഐഐടി അധികൃതർ പെട്ടെന്നു തന്നെ 'പരിഹാരവും' കണ്ടു. വിദ്യാർഥികൾ രാത്രി പുറത്തിറങ്ങുന്നത് നിരോധിച്ചുകൊണ്ടാണ് പരിഹാരം കണ്ടെത്തിയിരിക്കുന്നത്!
ബൈക്കിലെത്തിയ മൂന്നു പേരാണ് ആക്രമണം നടത്തിയെന്നാണ് വിവരം. ഐഐടി-ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാംപസ് വളപ്പിൽ തന്നെയുള്ള ഹോസ്റ്റലിനടുത്തുവച്ചായിരുന്നു സംഭവം.
പുറത്തുനിന്നുള്ളവരാണ് അക്രമികളെന്നും, പുറത്തുനിന്നുള്ളവർ കാംപിസൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രാലയവുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്നാണ് ഐഐടി അധികൃതരുടെ നിലപാട്.
സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും, കാംപസിൽ വൈകാതെ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും രജിസ്ട്രാർ ഉറപ്പു നൽകി. രാത്രി 10 മുതൽ പുലർച്ചെ 5 മണി വരെ വിദ്യാർഥികൾക്ക് കാംപസിൽ നിയന്ത്രണവും ഏർപ്പെടുത്തും.
സുഹൃത്തുമൊത്ത് രാത്രി പുറത്തിറങ്ങിയപ്പോഴാണ് അക്രമം ഉണ്ടായതെന്നാണ് വിദ്യാർഥിനി നൽകിയ പരാതിയിൽ പറയുന്നത്. 15 മിനിറ്റോളം അക്രമം നീണ്ടു. തന്‍റെ ഫോൺ നമ്പറും കരസ്ഥമാക്കിയാണ് അവർ പോയതെന്നും പെൺകുട്ടി പറയുന്നു.