ന‍്യൂഡൽഹി:തെക്കൻ ഗോവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. കർണാടക അതിർത്തിയോട് ചേർന്നുള്ള ദക്ഷിണ ഗോവയിലെ പർവതപ്രദേശത്ത് വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഹുബ്ബള്ളി ഡിവിഷനു കീഴിലുള്ള സോണാലിയത്തിനും ദൂദ്‌സാഗർ സ്റ്റേഷനുകൾക്കുമിടയിലുള്ള ഘാട്ട് സെക്ഷനിൽ 17 ലോഡഡ് വാഗണുകളുള്ള ട്രെയിൻ രാവിലെ 9.35 ന് പാളം തെറ്റിയതായി സൗത്ത് വെസ്‌റ്റേൺ റെയിൽവേ ചീഫ് (എസ് ഡബ്ല്യു ആർ ചീഫ്) പബ്ലിക് റിലേഷൻ ഓഫീസർ മഞ്ജുനാഥ് കനമാടി പറഞ്ഞു. ഇതേത്തുടർന്ന് മൂന്ന് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു.
ക്രെയിനുകളും മറ്റ് ആവശ്യമായ സാമഗ്രികളും അപകട ദുരിതാശ്വാസ ട്രെയിനുകൾ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മഞ്ജുനാഥ് കനമാടി പറഞ്ഞു. പാളം തെറ്റിയതിനെത്തുടർന്ന്, ട്രെയിൻ നമ്പർ 17420/17022 വാസ്‌കോഡ ഗാമ-തിരുപ്പതി/ഹൈദരാബാദ് പ്രതിവാര എക്‌സ്‌പ്രസ് മഡ്‌ഗാവ്, കാർവാർ, പാഡിൽ, സുബ്രഹ്മണ്യ റോഡ്, ഹാസൻ, അർസികെരെ, ചിക്‌ജാജൂർ, രായദുർഗ, ബല്ലാരി വഴി തിരിച്ചുവിട്ടു. ട്രെയിൻ 12779 വാസ്കോ ഡ ഗാമ-ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് മഡ്ഗാവ്, റോഹ, പൻവേൽ, കല്യാൺ, പൂനെ വഴി തിരിച്ചുവിട്ടു.
ഹസ്രത്ത് നിസാമുദ്ദീൻ-വാസ്‌കോ ഡ ഗാമ എക്‌സ്‌പ്രസും (12780) വഴിതിരിച്ചുവിട്ടു. 17309 യശ്വന്ത്പൂർ-വാസ്‌കോ ഡ ഗാമ, 17310 വാസ്കോഡ ഗാമ-യശ്വന്ത്പൂർ എന്നീ രണ്ട് ട്രെയിനുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. റൂട്ട് വൃത്തിയാക്കുന്നതിനുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന എസ്‌ഡബ്ല്യുആർ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.