പഠാൻകോട്ട്: ഡ്രൈവറില്ലാതെ കാറും ബസും വിമാനവും വരെ ഓടിക്കാൻ മാത്രം സാങ്കേതികവിദ്യ വളർന്ന കാലമാണിത്. എന്നാൽ, പഞ്ചാബിൽ ഒരു ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടിയത് ഇത്തരം സാങ്കേതികവിദ്യയുടെ ഒന്നും സഹായത്താലല്ല. പഠാൻകോട്ട് സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ലോക്കോ പൈലറ്റ് പുറത്തിറങ്ങും മുൻപ് ഹാൻഡ് ബ്രേക്ക് വലിക്കാൻ മറന്നു പോയതാണ് ഈ അദ്ഭുതത്തിനു കാരണമായത്.
അദ്ഭുതം വലിയ അപകടത്തിനു വഴിമാറാതിരുന്നത് അതിലും വലിയ അദ്ഭുതമായി മാറി. നിയന്ത്രിക്കാൻ എൻജിനിൽ ആരുമില്ലാതെ അഞ്ച് സ്റ്റേഷനുകളാണ് ഈ ട്രെയിൻ കടന്നുപോയത്. അതും മണിക്കൂറിൽ നൂറു കിലോമീറ്റർ വരെ വേഗത്തിൽ!
ഒടുവിൽ, പ്രശ്നം തിരിച്ചറിയുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോകുമെന്ന സ്ഥിതിയായി. പക്ഷേ, ഉച്ചി ബാസിയിൽ ട്രെയിൻ നിർത്താൻ സാധിച്ചു. ട്രാക്കിൽ വലിയ വരത്തടികൾ കയറ്റിവച്ച റെയിൽവേ ഉദ്യോഗസ്ഥൻ തന്നെയാണ് 'സ്പീഡ്' എന്ന ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കും വിധം അപകടം ഒഴിവാക്കിയത്.
എഴുപതി കിലോമീറ്ററിനിടെ ഈ ട്രെയിൻ കാരണം ഒരപകടവും റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷാ വീഴ്ച പരിശോധിക്കുന്നതിനും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.