ന്യൂ ഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനു തിങ്കളാഴ്ച തുടക്കമാകും. അതിനു മുന്നോടിയായി കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചു കൂട്ടി. പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, പിയൂഷ് ഗോയൽ, കോൺഗ്രസ് നേതാവ് ജയറാ രമേശ്, ഗൗരവ് ഗോഗോയ്, പ്രമോദ് തീവാരി തൃണമൂൽ നേതാവ് സുധീപ് ബാധ്യോപാധ്യായ്, എൻസിപി നേതാവ് ഫൗസിയ ഖാൻ, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഡിസംബർ 22 വരെയാണ് ശീതകാല സമ്മേളനം നീണ്ടു നിൽക്കുക. 15 സിറ്റിങ്ങുകളിലായി നിർണായകമായ നാലു ബില്ലുകൾ സഭ ചർച്ച ചെയ്തേക്കും.
പാർലമെന്‍റിൽ ചോദ്യം ഉന്നയിക്കുന്നതിനായി പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂൽ എംപി മഹുവ മൊയ്ത്രക്കെതിരേയുള്ള നടപടിയെക്കുറിച്ചും സഭ തീരുമാനമെടുക്കും. ആദ്യ ദിനത്തിൽ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന. പാർലമെന്‍റിന്‍റെ എത്തിക്സ് കമ്മിറ്റി നടത്തിയ അന്വേഷണത്തിനൊടുവിൽ മഹുവയെ സഭയിൽ നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്തിരുന്നു.
അതേ സമയം എത്തിക്സ് കമ്മിറ്റിയുടെ ശുപാർശയിൽ പുനഃപരിശോധന വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതി. അജണ്ട പ്രകാരം സഭയുടെ ആദ്യ ദിനത്തിൽ എത്തിക്സ് കമ്മിറ്റി ചെയർപേഴ്സൺ വിനോദ് കുമാർ സോങ്കാർ കമ്മിറ്റിയുടെ റിപ്പോർട്ടിൽ സഭയുടെ മേശപ്പുറത്തു വയ്ക്കും.