Gurpatwant Singh Pannun 
India

പന്നൂന്‍ വധശ്രമം: എഫ്ബിഐ അടുത്തയാഴ്ച ഇന്ത്യയിലേക്ക്

ന്യൂഡൽഹി: യുഎസ് ആഭ്യന്തര സുരക്ഷാ ഏജൻസി എഫ്ബിഐയുടെ ഡയറക്റ്റർ ക്രിസ്റ്റഫർ റേ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂനിനെ വധിക്കാൻ ഇന്ത്യൻ ഏജൻസികൾ ശ്രമിച്ചെന്ന ആരോപണം ശക്തമായിരിക്കെയാണ് എഫ്ബിഐ മേധാവിയുടെ സന്ദർശനം. ഇന്ത്യയിലെ സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

പന്നൂനിനെ വധിക്കാൻ ഇന്ത്യൻ ഏജൻസികൾ നടത്തിയ ശ്രമം യുഎസ് സുരക്ഷാ ഏജൻസികൾ തകർത്തെന്ന് ഒരു യുഎസ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. അമെരിക്കൻ അധികൃതർ ഇന്ത്യയെ ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ആരോപണം ഗൗരവതരമെന്നു പ്രതികരിച്ച കേന്ദ്ര സർക്കാർ ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, എഫ്ബിഐ ഡയറക്റ്ററുടെ സന്ദർശനം ഇന്ത്യ- യുഎസ് ബന്ധത്തിന്‍റെ ശക്തിക്കു തെളിവാണെന്നു ഡൽഹിയിലെ അമെരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ജോ ബൈഡൻ ഭരണകൂടത്തിലെ പ്രധാനികൾ നിരന്തരം ഇന്ത്യയിലെത്തുന്നുവെന്നത് ഉഭയകക്ഷി ബന്ധത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെലൻ ഈ വർഷം നാലു തവണ ഇന്ത്യയിലെത്തി. സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ അടുത്തിടെ നടത്തിയ സന്ദർശനം മൂന്നാമത്തേതായിരുന്നു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് അഗസ്റ്റിൻ രണ്ടു തവണ സന്ദർശനം നടത്തി. ഇപ്പോൾ എഫ്ബിഐ ഡയറക്റ്ററും വരുന്നു- ഗാർസെറ്റി പറഞ്ഞു.

യുഎസ് പ്രിൻസിപ്പൽ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജൊനാഥൻ ഫൈനർ ഈ ആഴ്ച ഇന്ത്യയിലെത്തിയിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിസ്രി എന്നിവരുമായി ഫൈനർ വിശദ ചർച്ച നടത്തി. ചെക് റിപ്പബ്ലിക്കിൽ പിടിയിലായ നിഖിൽ ഗുപ്ത (52) ഇന്ത്യൻ ഉദ്യോഗസ്ഥനുമായി ചേർന്ന് പന്നൂനിനെ വധിക്കാൻ പദ്ധതിയിട്ടെന്നാണ് യുഎസ് ഫെഡറൽ ഏജൻസി രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്. ഗുപ്തയെ ഇതുവരെ യുഎസിന് കൈമാറിയിട്ടില്ല. യുഎസിൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഗുപ്തയ്ക്കെതിരേ ചുമത്തിയിട്ടുള്ളത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം