എച്ച്.ഡി. രേവണ്ണ  
India

ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ: എച്ച്.ഡി. രേവണ്ണ അറസ്റ്റിൽ

പ്രജ്വൽ രേവണ്ണയ്ക്കെതിരേ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചേക്കും

ബംഗളൂരു: ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ കേസുകളിൽ ജെഡിഎസിന്‍റെ മുതിർന്ന നേതാവും കർണാടക എംഎൽഎയുമായ എച്ച്.ഡി. രേവണ്ണ അറസ്റ്റിൽ. മുൻകൂർ ജാമ്യം തേടി രേവണ്ണ സമർപ്പിച്ച ഹർജി തള്ളിയതിനു പിന്നാലെയാണു നടപടി. അച്ഛനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ വസതിയിൽ നിന്നു കസ്റ്റഡിയിലെടുത്ത രേവണ്ണയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നു സിഐഡി. മൂന്നാംഘട്ടം വോട്ടെടുപ്പിന് വടക്കൻ, മധ്യ കർണാടകയിലെ 14 മണ്ഡലങ്ങളിൽ ഇന്നു പ്രചാരണം സമാപിക്കാനിരിക്കെയാണ് സംസ്ഥാനത്ത് എൻഡിഎയുടെ മുതിർന്ന നേതാവിന്‍റെ അറസ്റ്റ്. മകൻ പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണു രേവണ്ണയ്ക്കെതിരേയും നടപടി സ്വീകരിച്ചത്.

തന്നെയും മകളെയും പ്രജ്വലും രേവണ്ണയും ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയെന്ന് ഇവരുടെ മുൻ വീട്ടുജോലിക്കാരി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. വീട്ടിലെ ജോലിക്കാരികളെ രേവണ്ണയും മകനും ലൈംഗികമായി അപമാനിക്കുന്നതു പതിവാണെന്നും തന്‍റെ മകളെ പ്രജ്വൽ വിഡിയൊ കോളിൽ വിളിച്ച് മോശം ഭാഷയിൽ സംസാരിച്ചെന്നും നാൽപ്പത്തേഴുകാരിയായ ഇവർ ആരോപിച്ചു. ഇതിനിടെ അഞ്ചു വർഷത്തോളം രേവണ്ണയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയെ കാണാതായതായി മകൻ പരാതി നൽകി. പ്രജ്വൽ തന്‍റെ അമ്മയെ ലൈംഗികമായി അപമാനിച്ചിട്ടുണ്ടെന്നും രേവണ്ണയുടെ വിശ്വസ്തൻ സതീഷാണ് അമ്മയെ വിളിച്ചുകൊണ്ട് പോയതെന്നും പരാതിയിൽ പറയുന്നു.

അതേസമയം, ജെഡിഎസ് യുവനേതാവും ഹാസനിലെ എൻഡിഎ സ്ഥാനാർ‌ഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരേ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളിലാണ് സിബിഐ . ലൈംഗികാരോപണത്തിനു പിന്നാലെ പ്രജ്വൽ ജർമനിയിലേക്കു കടന്ന സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസിയുടെ നീക്കം. കുറ്റവാളിയുടെ വിവരങ്ങൾക്കും അന്താരാഷ്‌ട്ര സഹായത്തിനും വേണ്ടിയാണു ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നത്.

ഹാസനിലെ സിറ്റിങ് എംപിയായ പ്രജ്വൽ 400ലേറെ സ്ത്രീകളെ പീഡിപ്പിക്കുകയും മൂവായിരത്തിലേറെ അശ്ലീല വീഡിയോകൾ നിർമിക്കുകയും ചെയ്തെന്നാണ് ആരോപണം.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?