ഹരിയാനയിലെ തോൽവി; ഫലം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസിൻ്റെ പരാതി 
India

ഹരിയാനയിലെ തോൽവി; ഫലം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കോൺഗ്രസിൻ്റെ പരാതി

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്കു പിന്നാലെ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടാരോപിച്ചു കോൺഗ്രസ് തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. വിവിധ മണ്ഡലങ്ങളിൽ നിന്നായി 20 പരാതികളാണു നൽകിയത്. പരാതിയിൽ ഉൾപ്പെട്ട വോട്ടിങ് യന്ത്രങ്ങൾ മുദ്രവച്ച് അന്വേഷണത്തിനായി മാറ്റണമെന്നു കോൺഗ്രസ് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കോൺഗ്രസ് തുടർച്ചയായി ക്രമക്കേട് ആരോപിച്ചതോടെ തെരഞ്ഞെടുപ്പു കമ്മിഷൻ നേതാക്കളോട് നേരിട്ടെത്താൻ അഭ്യർഥിക്കുകയായിരുന്നു.

ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, എഐസിസി നേതാക്കളായ കെ.സി. വേണുഗോപാൽ, ജയ്റാം രമേശ്, അജയ് മാക്കൻ, പവൻ ഖേര, ഹരിയാന പിസിസി അധ്യക്ഷൻ ഉദയ് ഭാൻ എന്നിവരാണു തെരഞ്ഞെടുപ്പു കമ്മിണർമാരെ കണ്ടത്. മുതിർന്ന നേതാവ് അഭിഷേക് സിങ്‌വി ഓൺലൈനായി കൂടിക്കാഴ്ചയിൽ പങ്കുചേർന്നു. നിരവധി മണ്ഡലങ്ങളിൽ നിന്നു പരാതി ലഭിച്ചിട്ടുണ്ടെന്ന് ഇവർ പറഞ്ഞു.

വോട്ടിങ് യന്ത്രങ്ങൾ 99 ശതമാനം ബാറ്ററി കപ്പാസിറ്റിയിലാണു പ്രവർത്തിക്കുന്നതെന്നും വോട്ടെണ്ണുമ്പോൾ 60-70 ശതമാനം മാത്രമായിരുന്നു ചാർജെന്നുമാണ് ഒരു ആരോപണം. വോട്ടെണ്ണലിനെക്കുറിച്ചു സംശയമുണ്ടെന്നു ഹൂഡ പറഞ്ഞു. തപാൽ വോട്ടിൽ ഞങ്ങളായിരുന്നു മുന്നിൽ. വോട്ടിങ് യന്ത്രത്തിലേ വോട്ടെണ്ണിയപ്പോൾ മറിച്ചു സംഭവിച്ചു. ഇതെങ്ങനെയെന്ന് അറിയണം- ഹൂഡ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ മണ്ഡലങ്ങളിൽ നിന്നുള്ള പരാതികൾ നൽകാനാണു കോൺ‌ഗ്രസിന്‍റെ തീരുമാനം. നേരത്തേ, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നേതാക്കൾ യോഗം ചേർന്നിരുന്നു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഹാട്രിക് വിജയം സ്വന്തമാക്കിയിരുന്നു. 90 അംഗ നിയമസഭയിൽ ബിജെപിക്ക് 48 സീറ്റും കോൺഗ്രസിന് 37 സീറ്റുകളുമാണു ലഭിച്ചത്.

രത്തൻ ടാറ്റ അന്തരിച്ചു

വനിതാ ടി20 ലോകകപ്പ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യ സാധ്യത നിലനിർത്തി

നിതീഷ് കുമാർ 'റെഡി'; ഇന്ത്യക്ക് കൂറ്റൻ ജയം

കെജ്‌രിവാൾ പടിയിറങ്ങിയ വീട്ടിൽ അതിഷി; ലെഫ്റ്റനന്‍റ് ഗവർണർ പുറത്താക്കി

സംസ്ഥാനത്ത് രാത്രി കാലങ്ങളിൽ അതി തീവ്ര മഴയ്ക്ക് സാധ്യത; മുന്നറിപ്പ്