സംഘർഷത്തിൽ കാറിനു തീയിട്ടപ്പോൾ ANI
India

സാമുദായിക സംഘർഷത്തിൽ ഉലഞ്ഞ് ഹരിയാനയും | Video

ഛണ്ഡിഗഡ്: മണിപ്പൂരിനു പുറകേ സാമുദായിക സംഘർഷത്തിൽ ആടിയുലഞ്ഞ് ഹരിയാനയും. ഹരിയാനയിലെ നൂഹിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളാണിപ്പോൾ രാജ്യത്തെ നടുക്കുന്നത്. തിങ്കളാഴ്ച വിശ്വ ഹിന്ദു പരിഷത്തിന്‍റെ റാലിക്കു നേരെയുണ്ടായ ആക്രമണത്തിൽ തുടങ്ങിയ സംഘർഷത്തിൽ 5 ജീവനുകളാണ് പൊലിഞ്ഞത്.

സംഘർഷം വിവിധയിടങ്ങളിലേക്ക് പടർന്നു പിടിക്കുമെന്ന ഘട്ടമെത്തിയതോടെ പ്രദേശത്ത് ബുധനാഴ്ച വരെ ഇന്‍റർനെറ്റ് റദ്ദാക്കിയിരിക്കുകയാണ്. കലാപം പടരാതിരിക്കാനായി കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുമുണ്ട്. മുൻകരുതലെന്ന നിലയിൽ നൂഹിലും സമീപ പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരിക്കുകയാണ്. മൈലാന മുഹമ്മദ് സാദ് എന്ന ഇമാമും ഹോം ഗാർഡുമാരായ നീരജും, ഗുർസേവകുമാണ് മരണപ്പെട്ടവരിൽ മൂന്നു പേർ.

സംഘർഷത്തിനു കാരണം

തിങ്കളാഴ്ച വൈകിട്ട് 2 മണിയോടെ വിശ്വഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ ബ്രിജ് മൺ ജലാഭിഷേക് യാത്രയെ നൂഹിലെ ഖേൽഡ മോഡിൽ വച്ച് 200 പേരോളം വരുന്ന യുവാക്കൾ തടഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. നൂഹ് മുസ്ലിം വിഭാഗത്തിലുള്ളവർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ്. വിഎച്ച് പിയുടെ യാത്രയുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിലുമുള്ളവർ സമാഹമാധ്യമങ്ങളിലൂടെ ദിവസങ്ങളായി വാക്പോര് തുടരുകയായിരുന്നു. അതു കൊണ്ടു തന്നെ സുരക്ഷ ഉറപ്പാക്കാനായി പൊലീസ് ഓഫിസർമാരും ഒപ്പമുണ്ടായിരുന്നു.

ഗുരുഗ്രാമിൽ‌ നിന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് ഗാർഗി കാക്കാർ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര തുടങ്ങി 10 മിനിറ്റിനുള്ളിലായിരുന്നു സംഘം തടഞ്ഞത്. ഇരു സംഘങ്ങളും തമ്മിലുള്ള വാക്കു തർക്കത്തിനിടെ അപ്രതീക്ഷിതമായി കല്ലേറുണ്ടായതോടെ യാത്രയിൽ പങ്കെടുത്തിരുന്നവർ ചിതറിയോടിയെങ്കിലും വൈകാതെ തന്നെ അവർ തിരിച്ചാക്രമിക്കാൻ തുടങ്ങി. യാത്രയിൽ പങ്കെടുത്തിരുന്ന നാലു കാറുകൾക്ക് അക്രമികൾ തീയിട്ടു. ഒപ്പം ചില പൊലീസ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കലാപത്തെക്കുറിച്ചുള്ള വാർത്തകൾ പടർന്നതോടെ സമീപ പ്രദേശങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സോഹ്നയിലെ മുസ്ലിം വിഭാഗത്തിൽ പെട്ടവരുടെ വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കപ്പെട്ടു. പ്രതിഷേധകാരികൾ മണിക്കൂറുകളോളം റോഡുകൾ ഉപരോധിച്ചു.

സംഘർഷത്തിന്‍റെ പശ്ചാത്തലം

ബജ്രംഗ് ദൾ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച ഒരു വിഡിയോ ആണ് സാമുദായിക സ്പർധയ്ക്കിടയാക്കിയതെന്നാണ് ചിലർ ആരോപിക്കുന്നത്. നേരത്തെ രണ്ട് മുസ്ലിം യുവാക്കളെ കൊന്ന് പുഴയിലെറിഞ്ഞ കേസിൽ പ്രതിയായ മോനു മാനേസർ എന്ന ഗോസംരക്ഷകൻ റാലിയിൽ പങ്കെടുക്കുന്നുവെന്ന വാർത്തകളും പുറത്തു വന്നിരുന്നു. ഇതേ ചൊല്ലിയും സമൂഹമാധ്യമങ്ങളിൽ വാക്പോര് കടുത്തിരുന്നു. പിന്നീട് വിഎച്ച്പി നേതാക്കളുടെ ഉപദേശത്തെ തുടർന്ന് ഇയാൾ യാത്രയിൽ നിന്ന് പിന്മാറിയെങ്കിലും സംഘർഷത്തെ ഇല്ലാതാക്കുന്നതിൽ ഇരു വിഭാഗത്തിനും വിജയിക്കാനായില്ല.

സംഘർഷം രൂക്ഷമായതോടെ ആൾക്കൂട്ടത്തെ പിരിച്ചു വിടാനായി പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ജില്ലയിൽ ആളുകൾ കൂട്ടം കൂടുന്നതിനെ നിരോധിക്കുകയും ചെയ്തു. അക്രമങ്ങളിൽ ഡിഎസ്പി സജ്ജൻ സിങ് അടക്കം പന്ത്രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കലാപം പടർന്നു പിടിച്ചതോടെ ഭയന്ന് സമീപത്തെ ശിവക്ഷേത്രത്തിൽ അഭയം തേടിയ ഭക്തർ അടക്കമുള്ള 2500 പേരെ പൊലീസ് രക്ഷപ്പെടുത്തി.

മുൻകൂട്ടി ആസൂത്രണം ചെയ്തതോ?

നൂഹിലെ സംഘർഷം മുൻ‌കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന രീതിയിലുള്ള ആരോപണങ്ങൾ ശക്തമാണ്. നൂഹിലെ എംഎൽഎ അഫ്സൽ അഹമ്മദും ഇതേ ആരോപണമുന്നയിക്കുന്നുണ്ട്. പ്രകോപനപരമായ വിഡിയോ പോസ്റ്റ് ചെയ്ത് പ്രദേശവാസികളെ പ്രകോപിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.അർധസൈനിക വിഭാഗത്തിന്‍റെ 13 കമ്പനികൾ പ്രദേശത്തെത്തിയിട്ടുണ്ട്. ആറു കമ്പനികൾ കൂടി എത്തിയേക്കും. നൂഹിനോട് ചേർന്ന ഫരീദാബാദ്, പൽവാൾ, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിലവിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. നൂഹിൽ ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും നിരവധി പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നൂഹ് ആക്റ്റിങ് എസ് പി നരേന്ദർ ബിജാർണിയ പറയുന്നു.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു