ന്യൂഡൽഹി: രാജ്യത്ത് എഴുപതു വയസിനു മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും ആയുഷ്മാൻ ഭാരത് പദ്ധതിക്കു കീഴിലുള്ള ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. വരുമാന പരിധി കണക്കിലെടുക്കാതെയാകും ആനുകൂല്യം. 4.5 കോടി കുടുംബങ്ങളിലെ ആറു കോടി മുതിർന്ന പൗരന്മാർക്ക് പദ്ധതിയിലൂടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാകുമെന്നു മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസാണു ലഭ്യമാകുക. യോഗ്യരായവർക്ക് പുതിയ ഇൻഷ്വറൻസ് കാർഡുകൾ അനുവദിക്കുമെന്നു സർക്കാർ.
എഴുപതു പിന്നിട്ട മുഴുവൻ പേരെയും ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തുമെന്നു നേരത്തേ കേന്ദ്രം അറിയിച്ചിരുന്നു. അടുത്തിടെ രാഷ്‌ട്രപതി ദ്രൗപദി മുർമുവും ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള മുതിർന്നവർക്ക് നിലവിൽ അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷയുണ്ട്. പുതിയ പദ്ധതി വരുമ്പോൾ അവർക്ക് അധികമായി അഞ്ചു ലക്ഷം രൂപയുടെ കൂടി ആനൂകൂല്യം ലഭിക്കുമെന്നും അശ്വിനി വൈഷ്ണവ്.