ന്യൂഡൽഹി: എഴുപത്തെട്ടാം സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. 3000 ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെയും 10000 പൊലീസുകാരെയും അധികമായി നിയോഗിച്ചു. മുഖംതിരിച്ചറിയാനാകുന്ന 700 എഐ അധിഷ്ഠിത ക്യാമറകൾ ഡൽഹിയിലെ വിവിധ കേന്ദ്രങ്ങളിലായി സ്ഥാപിച്ചു.
ഇന്ദിരഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം, റെയ്‌ൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മാളുകൾ, ചന്തകൾ തുടങ്ങി തിരക്കേറിയ കേന്ദ്രങ്ങളിൽ അർധസൈനിക വിഭാഗത്തെ വിന്യസിച്ചു. ചെങ്കോട്ടയിലേക്കുള്ള എല്ലാ വഴികളും രക്ഷാസേനയുടെ നിയന്ത്രണത്തിലാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ സദസ്സിലുള്ള മുഴുവൻപേരെയും തിരിച്ചറിയാൻ സ്മാർട്ട് ഫോൺ അധിഷ്ഠിത ആപ്ലിക്കേഷനും സജ്ജമാക്കി.
യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു നേരേയുണ്ടായ വധശ്രമം കണക്കിലെടുത്ത് ഇത്തവണ ഷാർപ് ഷൂട്ടർമാരായ സ്നിപ്പറുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്.