സ്വാതി മലിവാൾ 
India

സ്വാതി മലിവാൾ ആം ആദ്മി പാർട്ടിയുടെ ശത്രുവായി മാറുമ്പോൾ

ഡൽഹി ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ ഇത്രയും കാലം ഒപ്പമുണ്ടായിരുന്ന സ്വാതി മലിവാളിനെ തള്ളാനും കൊള്ളാനും ആവാത്ത വിധം പ്രതിസന്ധിയിലായിരിക്കുകയാണ് ആം ആദ്മി പാർട്ടി.

ന്യൂഡൽഹി: ജനുവരിയിൽ ആം ആദ്മി പാർട്ടിയുടെ ആദ്യ വനിതാ എംപിയായി രാജ്യസഭയിലേക്ക്, ഇപ്പോൾ ആം ആദ്മി പാർട്ടി നേതാക്കളും പ്രവർത്തകരും ഒരുപോലെ ബിജെപി ഗൂഢാലോചനയുടെ മുഖം എന്നാരോപിക്കുന്ന ശത്രുപക്ഷത്ത്. വെറും മൂന്നു മാസങ്ങൾ കൊണ്ടാണ് 39കാരിയായ സ്വാതി മലിവാളും ആം ആദ്മി പാർട്ടിയും തമ്മിലുളള ബന്ധം തകർന്നു താറുമാറായത്. ഡൽഹി ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ ഇത്രയും കാലം ഒപ്പമുണ്ടായിരുന്ന സ്വാതി മലിവാളിനെ തള്ളാനും കൊള്ളാനും ആവാത്ത വിധം പ്രതിസന്ധിയിലായിരിക്കുകയാണ് ആം ആദ്മി പാർട്ടി. മദ്യനയക്കേസിലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റ് തെരഞ്ഞെടുപ്പിലെ ആയുധമാക്കി ആം ആദ്മി പാർട്ടി ശക്തമായി മുന്നേറിക്കൊണ്ടിരിക്കേയാണ് പുറകിൽ നിന്നുള്ള അടി പോലെ സ്വാതി മലിവാൾ കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാറിനെതിരേആരോപണം ഉന്നയിച്ചത്. കുറച്ചു കാലമായി സ്വാതി മലിവാളും പാർട്ടി നേതൃത്വവും തമ്മിലുണ്ടായിരുന്ന അകൽച്ചയാണ് ഇപ്പോൾ മറകളെല്ലാം ഭേദിച്ച് പുറത്തു വന്നിരിക്കുന്നത്.

പ്രശ്നങ്ങളുടെ തുടക്കം

മേയ് 13ന് കെജ്‌രിവാളിന്‍റെ വസതിയിലെത്തിയ സ്വാതിയെ കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ തുടർച്ചയായി എട്ടു തവണയോളം മുഖത്തടിച്ചുവെന്നും വയറ്റിലും മാറിലും അരയ്ക്കു കീഴ്പ്പോട്ടും ചവിട്ടിയെന്നുമാണ് സ്വാതിയുടെ പരാതി. ആരോപണം ഉയർത്തി ദിവസങ്ങൾക്കു ശേഷമാണ് സ്വാതി കേസിൽ ഔദ്യോഗികമായി പരാതി നൽകിയത്. സ്വാതിയുടെ പരാതിയിൽ നടപടിയുണ്ടാകുമെന്നായിരുന്നു ആദ്യം ആം ആദ്മി പാർട്ടി പ്രതികരിച്ചത്. പക്ഷേ കേസ് ഫയൽ ചെയ്തതിനു പിന്നാലെ സ്വാതി കെജ്‌രിവാളിന്‍റെ വസതിയിലെത്തി ഉദ്യോഗസ്ഥരുമായി തർക്കിക്കുന്ന വിഡിയോ ആം ആദ്മി പാർട്ടി പുറത്തു വിട്ടു. സ്വാതിയുടെ ആരോപണത്തിനു പിന്നിൽ ബിജെപി ഗൂഢാലോചനയാണെന്ന് മന്ത്രി അതിഷി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേസിൽ ബൈഭവ് കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഇപ്പോഴും വിഷയത്തിൽ മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

കെജ്‌രിവാളിന്‍റെ വിശ്വസ്ത

ആം ആദ്മി പാർട്ടിയുടെ എംപിയായിരുന്ന സുശീൽ ഗുപ്തയുടെ കാലാവധി 2024 ജനുവരിയിൽ അവസാനിച്ചതോടെയാണ് യുവ നേതാവും സാമൂഹ്യപ്രവർത്തകയുമായ സ്വാതി മലിവാളിന്‍റെ സമയം തെളിഞ്ഞത്. കെജ്‌രിവാളിന്‍റെയും ആരോപണ വിധേയനായ പി.എസ്. ബൈഭവ് കുമാറിന്‍റെയും മുൻ സഹപ്രവർത്തകയായിരുന്നു സ്വാതിയെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. മൂവരും തമ്മിൽ 15 വർഷത്തോളം നീണ്ട സൗഹൃദമാണുണ്ടായിരുന്നത്. അതു കൊണ്ട് തന്നെ സ്വാതി പാർട്ടിയോട് ആത്മാർഥത കാണിക്കുമെന്നതിൽ ആർക്കും സംശയവുമുണ്ടായിരുന്നില്ല. ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷയായിരുന്ന കാലത്ത് ശക്തമായ തീരുമാനങ്ങളും ഭയമില്ലാത്ത അഭിപ്രായപ്രകടനങ്ങളും കൊണ്ട് സ്വാതി അതിനിടെ തന്നെ സ്വന്തം ഇടം കെട്ടിപ്പടുത്തിരുന്നു. രാജ്യസഭയിൽ ആം ആദ്മി പർട്ടിക്ക് അതു വരെയും വനിതാ എംപിമാർ ഉണ്ടായിരുന്നുമില്ല. സ്വാതി മലിവാളിനെ എംപി സ്ഥാനത്തേക്കു നിർദേശിക്കുമ്പോൾ രാജ്യസഭയിൽ ആം ആദ്മിയുടെ പെൺശബ്ദം ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു മുതിർന്ന നേതാക്കളെല്ലാം. പക്ഷേ വെറും മാസങ്ങളുടെ ഇടവേളയിൽ പ്രതീക്ഷകളെല്ലാം തകർന്നു.

സഞ്ജയ് സിങ്, മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ തുടങ്ങി ആം ആദ്മി പാർട്ടിയുടെ പ്രധാന നേതാക്കളെല്ലാം ജയിലഴിക്കുള്ളിലായ കാലം. അടുത്തത് കെജ്‌രിവാൾ എന്ന് ശക്തമായ അഭ്യൂഹം പടർന്നിരുന്ന സമയത്താണ് ആം ആദ്മി പാർട്ടി നേതൃസ്ഥാനത്തേക്കു സ്വാതി മലിവാളിനെ കൈ പിടിച്ചുയർത്തിയത്. പാർട്ടി കടുത്ത പ്രതിസന്ധി നേരിടുമ്പോൾ അതിനെ നേരിടാനൊരു കരുത്തുള്ള നേതാവായാണ് കെജ്‌രിവാൾ അടക്കമുള്ളവർ സ്വാതിയെ പരിഗണിച്ചിരുന്നത്. കെജ്‌രിവാളിന് തന്നോടുള്ള വിശ്വാസ്യത തിരിച്ചറിഞ്ഞാണ് സ്വാതി അക്കാലത്തെല്ലാം പ്രവർത്തിച്ചിരുന്നതും.

അപ്രതീക്ഷിയ പിന്മാറ്റം

ജനുവരിയിൽ എംപി സ്ഥാനമേറ്റ് ഒരു മാസത്തിനു ശേഷം സ്വാതി യുഎസിലേക്ക് യാത്ര പോയി. അക്കാലത്താണ് ആം ആദ്മി പാർട്ടിയുടെ മൂന്നു നേതാക്കളുടെയും ജാമ്യാപേക്ഷ കോടതി തള്ളിയത്. യുഎസ് യാത്ര റദ്ദാക്കി സ്വാതി പാർട്ടിക്കു വേണ്ടി പ്രവർത്തിക്കേണ്ടിയിരുന്ന കാലം. പക്ഷേ പ്രതീക്ഷകൾ തെറ്റി. ഹർവാഡ് യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കാൻ കിട്ടിയ അവസരത്തെക്കുറിച്ച് പരാമർശിച്ചു കൊണ്ട് ഫെബ്രുവരിയിൽ എക്സിൽ സ്വാതി ഒരു പോസ്റ്റിട്ടു. പാർട്ടി നേരിടുന്ന കടുത്ത പ്രതിസന്ധി കണ്ടില്ലെന്ന മട്ടിലുള്ള സ്വാതിയുടെ നിലപാട് അന്നേ അമർഷത്തിനു വഴി വച്ചിരുന്നു. മാർച്ച് 21ന് ഇന്ത്യയെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ അറസ്റ്റിലായി. അപ്പോഴും സ്വാതി മലിവാൾ യുഎസിൽ നിന്ന് തിരിച്ചെത്തിയില്ല. സ്വാതിയുടെ തുടർച്ചയായ അസാനിധ്യം പാർട്ടിക്കുള്ളിൽ അതൃപ്തി വളർത്തി. സ്വാതി മാത്രമല്ല ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയും അക്കാലത്ത് വിദേശയാത്രയിലായിരുന്നു. ആം ആദ്മി പാർട്ടി എംപിമാരുടെ അസാനിധ്യത്തെക്കുറിച്ചുള്ള ബിജെപി ചോദ്യങ്ങൾ ഉന്നയിച്ചതോടെ സഹോദരിയുടെ ചികിത്സ പൂർത്തിയായാൽ ഉടൻ തിരിച്ചെത്തുമെന്നായിരുന്നു അന്ന് എക്സിലൂടെ സ്വാതി വിശദീകരണം നൽകി.

കെജ്‌രിവാൾ അറസ്റ്റിലായി ഒരു മാസത്തിനു ശേഷമാണ് സ്വാതി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഏപ്രിൽ 26ന് അതായത് കെജ്‌രിവാളിന് ജാമ്യം ലഭിക്കുന്നതിന് വെറും 14 ദിവസങ്ങൾക്കു മുൻപ് ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സ്വാതി സജീവമായി. പക്ഷേ കെജ്‌രിവാളുമായുള്ള സൗഹൃദത്തിൽ അപ്പോഴേക്കും വിള്ളലുകൾ വീണിരുന്നു. യുഎസിൽ നിന്ന് തിരിച്ചെത്തിയതിനു ശേഷം സ്വാതിയുമായി സംസാരിക്കാൻ കെജ്‌രിവാളോ അദ്ദേഹത്തിന്‍റെ ഭാര്യ സുനിതയോ തയാറായിരുന്നില്ല. കെജ്‌രിവാളിന്‍റെ അസാനിധ്യത്തിൽ പാർട്ടി പ്രചാരണത്തിനു നേതൃത്വം കൊടുത്ത എല്ലാ നേതാക്കളുമായും കെജ്‌രിവാൾ ജാമ്യത്തിലിറങ്ങിയതിനു ശേഷം കൂടിക്കാഴ്ച നടത്തിയിരുന്നു. അവർക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തു വന്നു. നിർഭാഗ്യവശാൽ സ്വാതി മലിവാൾ അക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നില്ല. കെജ്‌രിവാൾ തന്നെ ഒഴിവാക്കുന്നതായി സ്വാതി മനസിലാക്കിത്തുടങ്ങുകയായിരുന്നു. മേയ് 13, കെജ്‌രിവാളിന് ജാമ്യം ലഭിച്ചതിനു ശേഷമുള്ള മൂന്നാമത്തെ ദിവസം. അന്ന് അതിരാവിലെ മുൻകൂട്ടിയുള്ള അപ്പോയിന്‍റ്മെന്‍റ് വാങ്ങാതെയായിരുന്നു സ്വാതി കെജ്‌രിവാളിന്‍റെ വസതിയിലെത്തിയത്. ഇതിനു മുൻപും സ്വാതി കെജ്‌രിവാളിനെ കാണാനെത്തിയിരുന്നത് മുൻകൂട്ടി അറിയിക്കാതെയായിരുന്നു. ഇക്കാര്യം പൊലീസിനു നൽകിയ പരാതിയിലും സ്വാതി വ്യക്തമാക്കിയിട്ടുണ്ട്. അതോടെ സകല പ്രശ്നങ്ങളും മറമാറ്റി പുറത്തു വന്നു. ബൈഭവ് കുമാറിനെതിരേ ആരോപണം ഉന്നയിച്ചെങ്കിലും സ്വാതി ഒരിക്കലും പാർട്ടിയെ പ്രതിസന്ധിയിലാക്കിക്കൊണ്ട് പരാതി നൽകില്ലെന്നായിരുന്നു എംപി സഞ്ജയ് സിങ് അടക്കമുള്ളവരുടെ വിശ്വാസം. അതു കൊണ്ടു തന്നെ ബൈഭവ് കുമാറിനെതിരേ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് സഞ്ജയ് സിങ് വാർത്താസമ്മേളനവും നടത്തി. പക്ഷേ ആ പ്രതീക്ഷയെയും തകർത്തു കൊണ്ട് സ്വാതി ഔദ്യോഗികമായി പരാതി നൽകി. നിലവിൽ ആം ആദ്മി പാർട്ടി നേതാക്കളുമായുള്ള സ്വാതിയുടെ ബന്ധം പൂർണമായും തകർന്ന മട്ടിലാണ്.

2013ൽ ആം ആദ്മി പാർട്ടി ആദ്യമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ പാർട്ടിക്കൊപ്പം സ്വാതി മലിവാൾ ഉണ്ടായിരുന്നില്ല. അഴിമതി വിരുദ്ധ പോരാട്ടം രാഷ്‌ട്രീയമാക്കി മാറ്റുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നായിരുന്നു സ്വാതിയുടെ നയം. പക്ഷേ 2014ൽ ഭർത്താവ് നവീൻ ജയ്ഹിന്ദിനെ ഹരിയാനയിൽ സ്ഥാനാർഥിയാക്കിയതോടെ സ്വാതി പാർട്ടിയിൽ സജീവമായി. 2015ൽ ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷയായി.

സ്വാതി മലിവാളിന് ബിജെപിയുമായി ബന്ധമുണ്ടെന്നും കെജ്‌രിവാളിനെ അപകടത്തിൽ പെടുത്തുന്നതിനായാണ് സ്വാതി എത്തിയതെന്നുമാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. എന്തായാലും സ്വാതി മലിവാളിന്‍റെ അപ്രതീക്ഷിത തിരിച്ചടി ആം ആദ്മി പാർട്ടിയെ ബാധിച്ചിട്ടുണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?