ന്യൂഡല്‍ഹി: സാക്ഷി മാലിക്കിന്റെയും സുഹൃത്തുക്കളുടെയും പോരാട്ടത്തിന് കണ്ണീരില്‍ കുതിര്‍ന്ന പര്യവസാനം. ദേശീയ ഗുസ്തി ഫെഡറേഷന് പ്രസിഡന്റായി ബ്രിജ് ഭൂഷന്റെ അനുയായി സഞ്ജയ് സിങ്ങിനെ തെരഞ്ഞെടുത്തു. തൊട്ടു പിന്നാലെ കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗുസ്തി താരങ്ങളിലൊരാളായ സാക്ഷി മാലിക്. സഞ്ജയ് സിങ്ങിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതിനെതിരായ പ്രതിഷേധ സൂചകമായിട്ടാണ് സാക്ഷി, കരിയര്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചത്.
ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷനെതിരെ മുന്‍പന്തിയില്‍ നിന്നയാളാണ് സാക്ഷി മാലിക്. പൊട്ടിക്കരഞ്ഞുകൊണ്ട് ബൂട്ട് അഴിച്ച് മേശപ്പുറത്ത് വച്ചുകൊണ്ടാണ് കരിയര്‍ അവസാനിപ്പിക്കുന്നതായി സാക്ഷി പ്രഖ്യാപിച്ചത്. ഗുസ്തി ഫെഡറേഷന് പ്രസിഡന്റായി ഒരു വനിതയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും ഒരു സ്ത്രീയായിരുന്നു പ്രസിഡന്റെങ്കില്‍ താരങ്ങള്‍ ചൂഷണം നേരിടേണ്ടിവരില്ലായിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു.
ഗുസ്തി ഫെഡറേഷന് പ്രസിഡന്റിനെ മാറ്ററമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ ഗുസ്തി താരങ്ങള്‍ 40 ദിവസത്തോളം തെരുവില്‍ കിടന്ന് സമരം ചെയ്തു. രാജ്യമൊന്നടങ്കം ഞങ്ങളുടെ സമരത്തെ പിന്തുണച്ചു. പക്ഷെ ഗുസ്തി ഫെഡറേഷനിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സംഭവിച്ചത് പ്രസിഡന്റായത് ബ്രിജ്ഭൂഷണ് സിംഗിന്റെ അടുത്ത അനുയായിയും ബിസിനസ് പങ്കാളിയുമായ സഞ്ജയ് കുമാര്‍ സിംഗ് പ്രസിഡന്റാവുന്നതാണ്.ഫെഡറേഷനെതിരായ പോരാട്ടം വരും തലമുറ തുടരുമെന്നും ഗുസ്തി ഫെഡറേഷനില്‍ പേരിനുപോലും സ്ത്രീ സാന്നിധ്യമില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.
രാജ്യത്തിനായി ഇനി ഗുസ്തിയില്‍ മത്സരിക്കില്ലെന്നും പറഞ്ഞാണ് സാക്ഷി കണ്ണീരോടെ ബൂട്ട് ഉപേക്ഷിച്ച് മടങ്ങിയത്.ബ്രിജ്ഭൂഷന്റെ കുടുംബക്കാരെയോ വിശ്വസ്തരെയോ പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കില്ലെന്ന് കായികമന്ത്രാലയം ഗുസ്തി താരങ്ങള്‍ക്ക് നല്കിയ ഉറപ്പ് നിറവേറ്റിയില്ല. സഞ്ജയ് സിങ് ബ്രിജ്ഭൂഷന്റെ വലംകൈയാണെന്നും സാക്ഷി മാലിക് പറഞ്ഞു.ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തിരുന്നു. ഗുസ്തി താരങ്ങളുടെ പിന്തുണയുള്ള കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജോതാവ് അനിത ഷിയോറിനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിങ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ആകെയുള്ള 47 വോട്ടുകളില്‍ 40 വോട്ടും സഞ്ജയാണ് നേടിയത്.
നേരത്തെ ഉത്തര്‍പ്രദേശ് ഗുസ്തി ഫെഡറേഷന്റെ വൈസ് പ്രസിഡന്റായും സഞ്ജയ് സിങ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.2016 ലെ റിയോ ഒളിംപിക്സിലെ വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്റ്റൈലില്‍ ഇന്ത്യക്കായി വെങ്കലം നേടിയ താരമാണ് സാക്ഷി മാലിക്. ഒളിംപിക്സ് ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരവും ഒളിംപിക്സ് മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ്.അതേസമയം കേന്ദ്രസര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് ഗുസ്തി താരമായ ബജ്റംഗ് പുനിയ പറഞ്ഞു.
സത്യത്തിന് വേണ്ടിയാണ് ഒന്നടങ്കം പോരാടിയത്. എന്നാല്‍ ഇന്ന് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന്റെ ഒരു സഹായി ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായെന്നും അദ്ദേഹം പറഞ്ഞു. വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെയുള്ള പീഡനം ഇനിയും തുടരുമെന്ന് വിനേഷ് ഫോഗട്ടും പ്രതികരിച്ചു. രാജ്യത്ത് എങ്ങനെ നീതി കണ്ടെത്തണമെന്ന് എനിക്ക് ഒരു പിടിയുമില്ല. ഗുസ്തി കരിയറിന്റെ ഭാവി ഇരുട്ടിലാണ്.
എവിടേക്കാണ് പോകേണ്ടതെന്ന് ഞങ്ങള്ക്കറിയില്ലെന്നും ഫോഗട്ട് പറഞ്ഞു.പ്രായപൂര്‍ത്തിയാകാത്ത ആള് ഉള്‍പ്പെടെ ഏഴ് ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി. എം.പി. ബ്രിജ്ഭൂഷണ് സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം നടന്നിരുന്നു.