ന്യൂഡൽഹി: ഡൽഹി ഐഐടി ഹോസ്റ്റലിൽ ദളിത് വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബി ടെക് അവസാന വർഷ വിദ്യാർഥിയായിരുന്ന അനിൽ കുമാറിനെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 21 വയസ്സായിരുന്നു. ജൂണിൽ ഹോസ്റ്റൽ ഒഴിയേണ്ടിയിരുന്ന അനിൽകുമാർ ചില വിഷയങ്ങ എഴുതിയെടുക്കുന്നതിനായി ആറു മാസത്തേക്ക് കൂടി ഹോസ്റ്റലിൽ തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഐഐടിയിൽ രണ്ടു മാസത്തിനിടെ രണ്ടാമത്തെ ദളിത് വിദ്യാർഥിയാണ് ആത്മഹത്യ ചെയ്യുന്നത്. ജൂലൈ 10ന് ആയുഷ് അഷ്ന എന്ന വിദ്യാർഥിയും ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും ഒരേ ഡിപ്പാർട്മെന്‍റിലെ വിദ്യാർഥികളായിരുന്നു.