രാജ്യസഭയിൽ 'ധ്വനി'പ്രശ്നം; ധൻകറും ജയ ബച്ചനുമായി വാക്പോര് 
India

രാജ്യസഭയിൽ 'ധ്വനി'പ്രശ്നം; ധൻകറും ജയ ബച്ചനുമായി വാക്പോര്

ന്യൂഡൽഹി: രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകറിന്‍റെ സംസാരത്തിലെ "ധ്വനി' ശരിയല്ലെന്നു നടിയും സമാജ്‌വാദി പാർട്ടി എംപിയുമായ ജയ ബച്ചൻ. സെലിബ്രിറ്റിയായാലും സഭയുടെ മര്യാദ പാലിക്കണമെന്നു ധൻകർ. വാക്കേറ്റം രൂക്ഷമായതിനിടെ പ്രതിപക്ഷത്തിന്‍റെ ഇറങ്ങിപ്പോക്ക്. പിന്നാലെ, രാജ്യസഭാധ്യക്ഷനെതിരേ ഇംപീച്ച്മെന്‍റ് പ്രമേയത്തിനും നീക്കം. രാജ്യസഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞ ദിവസമായിരുന്നു സഭാധ്യക്ഷനും ജയ ബച്ചനുമായി ഏറ്റുമുട്ടലും നാടകീയ രംഗങ്ങളും.

കഴിഞ്ഞ ദിവസം ബിജെപി എംപി ഘനശ്യാം തിവാരി, കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ നടത്തിയ പരാമർശം സംബന്ധിച്ച ചർച്ചയ്ക്കിടെയായിരുന്നു സംഭവം. അവസാനമായി സംസാരിക്കേണ്ടിയിരുന്നത് ജയ ബച്ചനാണ്.

ഇതിനായി "ജയ അമിതാഭ് ബച്ചൻ' എന്നു ധൻകർ വിളിച്ചതാണ് ജയ ബച്ചനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് ജയ അമിതാഭ് ബച്ചൻ എന്നു വിളിച്ചപ്പോൾ താൻ ജയ ബച്ചനാണെന്ന് അവർ തിരുത്തിയിരുന്നു. താനൊരു കലാകാരിയാണെന്നും ശരീരഭാഷയും ഭാവപ്രകടനങ്ങളും തനിക്ക് മനസിലാകുമെന്നുമുള്ള വിശദീകരണത്തോടെ, സഭാധ്യക്ഷന്‍റെ ധ്വനി തനിക്കു മനസിലായെന്നു ജയ പറഞ്ഞു. നമ്മളെല്ലാം സഹപ്രവർത്തകരാണ്. താങ്കൾ അധ്യക്ഷ സ്ഥാനത്തിരിക്കുന്നുവെന്നേയുള്ളൂ എന്നും ജയ.

ഇതോടെ, രോഷം പൂണ്ട ധൻകർ മതിയെന്ന് മറുപടി നൽകി. താങ്കൾ സെലിബ്രിറ്റിയോ ആരുമായിരിക്കാം. എന്നാൽ, സഭയിൽ മര്യാദ പാലിക്കണം. നിങ്ങൾക്കു മാത്രമേ പ്രശസ്തിയും പദവിയും ഉള്ളൂവെന്ന് കരുതരുതെന്നും ധൻകർ പറഞ്ഞു. ഇതേച്ചൊല്ലിയുള്ള വാഗ്വാദത്തിനിടെ പ്രതിപക്ഷം സഭ വിട്ടു. സഭാധ്യക്ഷൻ സെലിബ്രിറ്റി എന്ന് അംഗത്തെ വിളിച്ചത് ശരിയായില്ലെന്നു പ്രതിപക്ഷം പറഞ്ഞപ്പോൾ മുതിർന്ന അംഗമാണെന്നു കരുതി ചെയറിനെ അപമാനിക്കാൻ അവർക്കു ലൈസൻസുണ്ടോ എന്നായി ധൻകർ. ഖാർഗെയുൾപ്പെടെ എല്ലാ അംഗങ്ങളെയും താൻ ബഹുമാനിക്കുന്നുണ്ടെന്നും ധൻകർ പറഞ്ഞു.

അംഗങ്ങൾ സ്കൂൾ കുട്ടികളല്ല, ചിലരൊക്കെ മുതിർന്ന പൗരന്മാരാണെന്ന് മറക്കരുതെന്ന് പിന്നീട് ജയ ബച്ചൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഖാർഗെയുടെ മൈക്ക് ഓഫ് ചെയ്തു. ഇതൊന്നും അംഗീകരിക്കാനാവില്ലെന്നും ജയ ബച്ചൻ.

പ്രതിപക്ഷം സഭാധ്യക്ഷനോട് അപമര്യാദയായി പെരുമാറിയെന്നു മന്ത്രി ജെ.പി. നഡ്ഡയുൾപ്പെടെ ബിജെപി എംപിമാർ ആരോപിച്ചു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം