ന്യൂഡൽഹി: പാർലമെന്‍റിൽ പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്പെൻഷനെതിരെ ഇന്ത്യ മുന്നണിയുടെ പ്രതിഷേധം ഇന്ന്. ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധത്തിൽ പാർലമെന്‍റിലെ ഇന്ത്യ മുന്നണി നേതാക്കൾ പങ്കെടുക്കും. പാർലമെന്‍റിലെ സുരക്ഷാ വീഴ്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് തീരുമാനം.
പതിനാലു ദിവസം നീണ്ടുനിന്ന പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ സുരക്ഷാ വീഴ്ച ചർച്ച ചെയ്യണമെന്ന ആവശ്യം കേന്ദ്രസർക്കാർ അനുവദിച്ചിരുന്നില്ല. ഈക്കാര്യമുന്നയിച്ചാണ് ഇന്ത്യ മുന്നണി രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്.
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപി. അതുകൊണ്ട് തന്നെയാണ് പ്രതിപ‍്യ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അവഗണിച്ചത്. സുപ്രധാന ബില്ലുകൾ പാസാക്കാൻ വേണ്ടി എതിർ ശബ്ദങ്ങളെ കേന്ദ്രസർക്കാർ അടിച്ചമർത്താനാണ് ഇന്ത്യ മുന്നണി അംഗങ്ങളെ സസ്പെൻഡ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.