ഇന്ത്യ - ചൈന അതിർത്തിയിൽ സേനാ പിന്മാറ്റം പൂർത്തിയായി 
India

ഇന്ത്യ - ചൈന അതിർത്തിയിൽ സേനാ പിന്മാറ്റം പൂർത്തിയായി

ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ദീപാവലി ആശംസയും മധുരവും കൈമാറും. പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാംപുകളിലേക്കു തിരികെക്കൊണ്ടുപോയി.

ന്യൂഡൽഹി: കിഴക്കൻ ലഡാഖിലെ ഡെംചോക്കിലും ദെപ്സാങ് സമതലത്തിലും ഇന്ത്യ, ചൈന സൈനികരുടെ പിന്മാറ്റം പൂർത്തിയായി. ഇവിടെ പട്രോളിങ് ഉടൻ പുനരാരംഭിക്കും. സൈനിക പിന്മാറ്റത്തിനൊപ്പം ഇവിടെ നടത്തിയ താത്കാലിക നിർമാണങ്ങൾ പൊളിച്ചുമാറ്റി. പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാംപുകളിലേക്കു തിരികെക്കൊണ്ടുപോയി.

ഇരുസേനകളും ദീപാവലി ആശംസകളും മധുരവും കൈമാറുമെന്നു സൈനിക വൃത്തങ്ങൾ. എന്നാൽ, ഇത് എവിടെ വച്ചായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതിർത്തിയിലുടനീളം വിവിധ സൈനിക പോസ്റ്റുകളിൽ മധുരം കൈമാറുന്നതാണു സംഘർഷത്തിനു മുൻപുള്ള രീതി. ഇരുപക്ഷത്തിന്‍റെയും പരിശോധനകൾ‌ തുടരുകയാണ്. ഇതിനുശേഷമാകും പട്രോളിങ് സംബന്ധിച്ച തീരുമാനം. ഇതിനായി കമാൻഡർമാർ കൂടിക്കാഴ്ച നടത്തും. 2020 ഏപ്രിലിനു മുൻപുള്ള സ്ഥിതിയിൽ പട്രോളിങ് നടത്താനാണ് ധാരണ.

നാലു വർഷത്തെ സംഘർഷത്തിനുശേഷമാണ് കിഴക്കൻ ലഡാഖിൽ യഥാർഥ നിയന്ത്രണ രേഖ (എൽഎസി) സമാധാനത്തിലേക്കു മടങ്ങുന്നത്. 2020 ജൂണിൽ ഗാൽവൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിനുശേഷം ഇരുപക്ഷവും ഇവിടെ വൻതോതിൽ സേനയെ വിന്യസിച്ചിരുന്നു.

ഇപ്പോഴുണ്ടായ സമവായം ഉഭയകക്ഷി ബന്ധത്തെ സുഗമമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് പ്രത്യാശ പ്രകടിപ്പിച്ചു. ഏതെങ്കിലും പ്രത്യേക വിയോജിപ്പുകൾ ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം. സൈനിക പിന്മാറ്റം ശരിയായ ക്രമത്തിൽ നടക്കുകയാണെന്നു ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു.

സഞ്ജു സാംസണെ രാജസ്ഥാൻ നിലനിർത്തും, ബട്ലറെ ഒഴിവാക്കും

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം അനധികൃത താമസക്കാരെ നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ

''മൂവ് ഔട്ട്'': സുരേഷ് ഗോപിക്ക് അവജ്ഞയും ധിക്കാരവുമെന്ന് കെയുഡബ്ല്യുജെ

ലൈംഗികാതിക്രമക്കേസ്: ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം

ജാമ്യഹർജി നൽകി ദിവ്യ; പഴി മുഴുവൻ പൊലീസിന്, റിമാൻഡ് റിപ്പോർട്ട് പുറത്ത്