ജയ്പുർ: ലോകകപ്പിൽ ഉടനീളം നന്നായി കളിച്ച ഇന്ത്യ ഫൈനലിൽ തോൽക്കാൻ കാരണം ഗ്യാലറിയിൽ വന്നിരുന്ന ദുഃശകുനമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫൈനൽ കാണാൻ നേരിട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചാണ് പരോക്ഷ പരാമർശം.
രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സദസിൽ നിന്ന് ''ദുഃശകുനം'' എന്ന വിളി ഉയർന്നു. ഇതെത്തുടർന്നാണ് രാഹുലിന്‍റെ പരിഹാസമുണ്ടായത്.
''അതെ... ദുഃശകുനം, ദുഃശകുനം... നമ്മുടെ കുട്ടികൾ അനായാസം ലോകകപ്പ് നേടാൻ പോകുകയായിരുന്നു. പക്ഷേ, ഒരു ദുഃശകുനം കാരണം നമ്മൾ തോറ്റു പോയി. മാധ്യമങ്ങൾ ഇതു പറഞ്ഞില്ലെങ്കിലും ജനങ്ങൾക്ക് കാര്യമറിയാം'', മോദിയുടെ പേരെടുത്തു പറയാതെ രാഹുൽ മറുപടി നൽകി.
ഒട്ടും വൈകാതെ പ്രതികരണവുമായി രംഗത്തെത്തിയ ബിജെപി, രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
''താങ്കൾക്ക് എന്തു പറ്റി രാഹുൽ ഗാന്ധി? രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെക്കുറിച്ചാണ് ഇത്തരം വാക്കുകൾ താങ്കൾ ഉപയോഗിക്കുന്നത്. നമ്മുടെ പ്രധാനമന്ത്രി കളിക്കാരെ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ജയവും തോൽവിയും കളിയുടെ ഭാഗമാണ. രാഹുൽ ഗാന്ധി മാപ്പ് പറയണം'', ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു.
താങ്കളുടെ അമ്മ (സോണിയ ഗാന്ധി) മരണത്തിന്‍റെ വ്യാപാരിയെന്നാണ് നരേന്ദ്ര മോദിയെ വിളിച്ചത്, എന്നിട്ട് കോൺഗ്രസ് ഇപ്പോൾ എവിടെയാണെന്നു നോക്കൂ. രാഹുൽ ഭൂതകാലത്തിൽനിന്നു പാഠം പഠിക്കണം- രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.