ന്യൂഡൽഹി: ചൈനയുമായുള്ള സംഘർഷത്തിൽ അയവ് വന്നെങ്കിലും, ക്യാനഡയുമായുള്ള പുതിയ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ആണവ അന്തർവാഹിനി പരീക്ഷണം. ആണവോർജത്തിൽ തന്നെ പ്രവർത്തിക്കുന്ന അന്തർവാഹിനിയിൽ നിന്ന് ഭൂഖണ്ഡാന്ത ആണവ മിസൈലുകൾ പ്രയോഗിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള നാലാമത്തെ അന്തർവാഹിനിയാണ് ഇന്ത്യ ഇപ്പോൾ പരീക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 29നാണ് ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഘാട് കമ്മിഷൻ ചെയ്തത്. മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ അടുത്ത വർഷം കമ്മിഷൻ ചെയ്യും. രണ്ട് ആണവ അന്തർവാഹിനികൾ കൂടി നിർമിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നൽകിയിട്ടുമുണ്ട്.
ഇതിനിടെയാണ് നാലാമത്തെ ആണവ അന്തർവാഹിനി വലിയ പ്രചാരണങ്ങളൊന്നുമില്ലാതെ വിശാഖപട്ടണത്ത് പരീക്ഷിച്ചത്. ഒക്റ്റോബർ 16ന് നടത്തിയ പരീക്ഷണത്തിന്‍റെ കൂടുതൽ വിശദാംശങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
പുതിയ അന്തർവാഹിനിയുടെ 75 ശതമാനം ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമിച്ചതാണെന്നാണ് സൂചന. 3500 കിലോമീറ്റർ താണ്ടാൻ ശേഷിയുള്ള ആണവ മിസൈലുകൾ വഹിക്കാൻ സാധിക്കും. ഇന്ത്യയുടെ ആദ്യ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്തിന് 750 കിലോമീറ്റർ ദൂരത്തേക്ക് മിസൈൽ പായിക്കാനുള്ള ശേഷി മാത്രമാണുള്ളത്.
അരിഹന്തും അരിഘാട്ടും ഇപ്പോൾ തന്നെ സമുദ്ര നിരീക്ഷണത്തിന് ഉപയോഗിച്ചുവരുന്നു. 2028 ഓടെ റഷ്യയിൽ നിന്നു വാങ്ങുന്ന ആണവ അന്തർവാഹിനിയും ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും.