1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യയുടെ അനുപാതം 7.81ശതമാനം കുറഞ്ഞതായി പ്രധാനമന്ത്രിക്കുള്ള സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം) നടത്തിയ പഠനത്തിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 'മത ന്യൂനപക്ഷങ്ങളുടെ പങ്ക്: ഒരു ക്രോസ്-കൺട്രി വിശകലനം' എന്ന തലക്കെട്ടിലുള്ള പഠനമനുസരിച്ച് ഈ കാലയളവില്‍ മുസ്ലിം ജനസംഖ്യാനുപാതം 43.15 ശതമാനം വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.
1950ല്‍ രാജ്യത്തെ ജനസംഖ്യയുടെ 84.68 ശതമാനമായിരുന്നു ഹിന്ദുക്കള്‍. എന്നാലിത് 2015ല്‍ 78.06 ശതമാനമായി കുറഞ്ഞു. 7.81 ശതാനത്തിന്‍റെ ഇടിവാണ് അനുപാതത്തില്‍ ഉണ്ടായത്. നേരെമറിച്ച്, 1950ല്‍ രാജ്യത്തെ ജനസംഖ്യയുടെ 9.84 ശതമാനമായിരുന്നു മുസ്ലിംകളുടെ എണ്ണമെങ്കിൽ 2015ല്‍ ഇത് 14.09 ശതമാനായി ഉയര്‍ന്നു. അനുപാതത്തിലെ വര്‍ധന 43.15 ശതമാനം. ഇതേ കാലഘട്ടത്തിൽ 2.36 ശതമാനമായിരുന്ന ക്രിസ്ത്യൻ സമൂഹം ജനസംഖ്യയുടെ 5.4 ശതമാനം വർധനവ് അനുഭവിച്ചു.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളായ ശമിക രവി, അപൂര്‍വ കുമാര്‍ മിശ്ര, അബ്രഹാം ജോസ് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 2015 ആയപ്പോഴേക്കും സിഖ്, ബുദ്ധ സമുദായങ്ങൾ യഥാക്രമം 1.85 ശതമാനം , 0.81 ശതമാനം എന്നിങ്ങനെ വളർച്ച കൈവരിച്ചതായി പഠനം സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ജനസംഖ്യയിൽ ജൈനരുടെയും (0.36 ശതമാനം ) പാഴ്‌സികളുടെയും (0.004 ശതമാനം ) പങ്ക് കുറഞ്ഞു. ആഗോളതലത്തിൽ, ഭൂരിപക്ഷ മതവിഭാഗത്തിന്‍റെ വിഹിതത്തിൽ ഏകദേശം 22ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു.
തെക്കന്‍ ഏഷ്യയില്‍ മ്യാന്‍മറിനു ശേഷം ഭൂരിപക്ഷ സമുദായത്തിന്‍റെ അനുപാതത്തില്‍ കൂടുതല്‍ ഇടിവുണ്ടായത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം ആശങ്കപ്പെടുത്തും വണ്ണം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ മറിച്ചാണ് സംഭവിച്ചത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചെന്ന് മാത്രമല്ല, അഭിവൃദ്ധിപ്പെടാന്‍ സാഹചര്യമൊരുക്കുകയും ചെയ്‌തെന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.