പരിസ്ഥിതി സംബന്ധിച്ച ആശങ്കകള്‍ ലോകത്തെ വലയ്ക്കുന്നു. സുസ്ഥിര വികസനമാണ് ഈ ആശങ്കകള്‍ പരിഹരിക്കുന്നതിന് ആവശ്യം. സുസ്ഥിരതയ്ക്കായി മികച്ച നയങ്ങള്‍ മാത്രമല്ല, ഒപ്പം ജനപങ്കാളിത്തവും വേണം. ഊര്‍ജ പരിവര്‍ത്തനവും സുസ്ഥിര വികസനവും ജനങ്ങളിലേക്ക് എത്തുന്നില്ലെങ്കില്‍, ഭൂമിക്കും ജനങ്ങള്‍ക്കും അനുകൂലമായ സ്വാധീനം ചെലുത്താനുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ക്കോ, സമാന പദ്ധതികള്‍ നിലനിര്‍ത്തുന്നതിനുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കോ പിന്തുണ ലഭിക്കണമെന്നില്ല. അതുകൊണ്ടാണ് ഇന്ത്യ സുസ്ഥിര സംരംഭങ്ങള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പഴം- പച്ചക്കറി ഉത്പാദകരാണ് ഇന്ത്യ. എന്നിട്ടും ഇതിന്റെ 5 മുതല്‍ 16 ശതമാനം വരെ പ്രതിവര്‍ഷം പാഴാക്കപ്പെടുന്നു. എന്നാല്‍ പുനരുപയോഗ ഊര്‍ജ ഉത്പന്നങ്ങള്‍ താഴേത്തട്ടില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. ആന്ധ്രാപ്രദേശിലെ മുസല്റെഡ്ഡി ഗരിപ്പള്ളി എന്ന ചെറുഗ്രാമത്തില്‍ വഴുതന, തക്കാളി, പാവയ്ക്ക, വാഴപ്പഴം എന്നിവ പാഴായിപ്പോകാതെ സൗരോര്‍ജ ഡ്രയറുകളില്‍ ഉണക്കിയെടുക്കുന്ന വനിതാ കൂട്ടായ്മകള്‍ പ്രതിമാസം 3.5 ലക്ഷം രൂപ സമ്പാദിക്കുന്നു. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരും പാര്ശ്വവല്ക്കരിക്കപ്പെട്ടവരുമായവര് ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടുമ്പോള്‍, അവരുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിനുള്ള സുസ്ഥിര പരിഹാരങ്ങള്‍ ലഭിക്കുകയാണ്. മാത്രമല്ല, പുതിയ വിപണികള്‍ക്കും കച്ചവടങ്ങള്‍ക്കുമുള്ള അവസരങ്ങള്‍ ദേശീയ നയ സംവിധാനത്തിലേക്കു കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. ജനങ്ങളുടെ ഉപജീവനത്തിനായി പുനരുപയോഗ ഊര്‍ജവിതരണത്തില്‍ നയം നിലവില്‍ വരുത്തിയ ആദ്യരാജ്യമാണ് ഇന്ത്യ.
ഇത്തരം നടപടികളിലൂടെ കഴിഞ്ഞ ദശകത്തില്‍ രാജ്യത്തെ ജനങ്ങളിലേക്കു സുസ്ഥിരതാ പരിവര്‍ത്തനം കൂടുതല്‍ എത്തിച്ചേര്‍ന്നു. ഗ്ലോബല്‍ സൗത്തിലെ മറ്റു രാജ്യങ്ങള്‍ക്കു ഹരിതവും സമഗ്രവുമായ സമ്പദ് വ്യവസ്ഥയ്ക്കുള്ള രൂപരേഖയായി വര്‍ത്തിക്കാന്‍ കഴിയുന്ന 3 ഘടകങ്ങളുണ്ട്.
ഒന്ന്, വികസനം ജനകേന്ദ്രീകൃതമാക്കുക എന്നതാണ്. ഏകദേശം 100 ശതമാനം ഗാര്‍ഹിക വൈദ്യുതവത്കരണം ഉറപ്പാക്കിയ സൗഭാഗ്യ പദ്ധതി, സംശുദ്ധ പാചക ഇന്ധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ 9.5 കോടി എല്‍പിജി കണക്ഷനുകള്‍ നല്കിയ ഉജ്വല പദ്ധതി, ജനങ്ങളുടെ പക്കലേക്കു വൈദ്യുതി എത്തിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി എന്നിവയിലൂടെ ഊര്‍ജ പരിവര്‍ത്തനത്തെ ഇന്ത്യ ഗാര്‍ഹിക പ്രതിഭാസമാക്കുകയാണ്.
എല്‍ഇഡി ലൈറ്റുകളുടെ ഉപയോഗത്തിലൂടെ ഊര്‍ജ സംരക്ഷണം ലക്ഷ്യമിട്ടുള്ള ഉജാല പദ്ധതി പ്രതിവര്‍ഷം 3.9 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറംതള്ളല്‍ കുറയ്ക്കുന്നു. ജല്‍ ജീവന് ദൗത്യത്തിലൂടെ 8 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്കു സുരക്ഷിതമായ കുടിവെള്ളത്തിനായി പൈപ്പ് കണക്ഷനുകള്‍ നല്കി. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ 2026ഓടെ വായു മലിനീകരണത്തോത് 40 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ദേശീയ സംശുദ്ധ വായു പദ്ധതിയും പുരോഗതി കൈവരിക്കുന്നു. കൂടാതെ ശുചിത്വ ഭാരത യജ്ഞം, ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിയന്ത്രിക്കല്‍ എന്നിവയൊക്കെ വലിയ തോതിലുള്ള സുസ്ഥിര സംരംഭങ്ങള്‍ക്ക് എങ്ങനെ പൊതുജനശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയും എന്നതിന് ഉദാഹരണങ്ങളാണ്.
ഇത്തരം പൗരകേന്ദ്രീകൃത സംരംഭങ്ങള്‍ വര്‍ധിപ്പിക്കുമ്പോള്‍, സാങ്കേതികവിദ്യകളും അനുബന്ധ ഇടപെടലുകളും താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി വീടുകളില്‍ നിന്നു തത്സമയം, ഉയര്‍ന്ന നിലവാരത്തിലുള്ള വിവരശേഖരണം ശക്തിപ്പെടുത്തും. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അധികാരത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ കാലാനുസൃതമായി ജനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.
രണ്ടാമത്തേത്, സാമ്പത്തിക കേന്ദ്രീകൃത ഇടപെടലുകളിലൂടെ വര്‍ധിച്ച സുസ്ഥിരത നേടിയെടുക്കലാണ്. 2070ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തിലേക്ക് എത്തിക്കാനായി ഇന്ത്യയുടെ ഊര്‍ജ സംവിധാനവും സാമ്പത്തിക ഘടനയും മാറേണ്ടതുണ്ട്. പല മേഖലകളിലും ഇത് ഇവിടെ നടപ്പാക്കുന്നു. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ പുനരുപയോഗ സൗരോര്‍ജ സ്ഥാപിതശേഷിയാണു രാജ്യത്തിനുള്ളത്. CEEW, NRDC, SCGJ എന്നിവയുടെ വിശകലനമനുസരിച്ച്, 2030ഓടെ ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ മേഖലയില്‍ 10 ലക്ഷം പേര്‍ക്കു തൊഴില്‍ ലഭിക്കും. ഭാവികാലത്തെ ഈ തൊഴിലാളികള്‍ക്കായി, ഹരിത തൊഴില്‍ നൈപുണ്യ സമിതി, ഹരിത വ്യവസായങ്ങളെയും സേവനങ്ങളെയും കുറിച്ചു പരിശീലനം നല്കുന്നു. ഗ്രാമീണ ഇന്ത്യയും ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. വിതരണം ചെയ്യപ്പെടുന്ന പുനരുപയോഗ ഊര്‍ജ ഉത്പന്നങ്ങള്‍ക്ക് 4 ലക്ഷം കോടി രൂപയുടെ വിപണി ലഭ്യമാകുന്നതു താഴേത്തട്ടിലെ സ്ത്രീകളെ നേരിട്ടു ശാക്തീകരിക്കുന്നു.
സമാനമായി, 2022 ഒക്റ്റോബറോടെ, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന 1.5 ലക്ഷം ജലസേചന പമ്പുകള്‍ സജ്ജമാക്കിയ പിഎം - കുസും പദ്ധതി, കര്‍ഷകരുടെ ജലസേചന ബില്ലുകള്‍ കുറയ്ക്കുന്നതിനൊപ്പം അവരുടെ വരുമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ലോകം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് അകലുമ്പോള്‍, ഭാവിയിലെ ഇന്ധനങ്ങളിലും, പ്രത്യേകിച്ച്, ഹരിത ഹൈഡ്രജന്റെ കാര്യത്തിലും നാം വലിയ മുന്നേറ്റം നടത്തുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഹരിത ഹൈഡ്രജന്‍ ദൗത്യം ഇന്ത്യയിലാണ്. ഇതിലൂടെ വളം, സ്റ്റീല്‍ തുടങ്ങിയ വലിയ വ്യവസായങ്ങളുടെ വളര്‍ച്ചയിലും മത്സരക്ഷമതയിലും വിട്ടുവീഴ്ച വരുത്താതെ കാര്‍ബണ്‍ നീക്കം ചെയ്യാന്‍ ഇന്ത്യക്കു ഹരിത ഹൈഡ്രജന്‍ ഉപയോഗിക്കാനാകും.
ഇതെല്ലാം തീര്‍ച്ചയായും ഇന്ത്യയുടെ നഗര-കാര്‍ഷിക സമ്പദ് വ്യവസ്ഥയിലേക്കുള്ള വലിയ ചുവടുവയ്പ്പുകളാണ്. എന്നിരുന്നാലും, അവയുടെ യഥാര്‍ഥ സാധ്യതകള്‍ തുറന്നുവിടുന്നതിന് ഉത്പാദന ബന്ധിത ആനുകൂല്യങ്ങള്‍, മെച്ചപ്പെടുത്തിയ മൂലധന പിന്തുണ, വിതരണ ശൃംഖലകളുടെ വൈവിധ്യവല്‍ക്കരണം, ഉപയോക്താക്കള്‍ക്കുള്ള ധനസഹായം (വൈദ്യുത വാഹനങ്ങള്‍ക്കു നല്കുന്ന ഫെയിം പദ്ധതി പോലുള്ളവ) എന്നീ നടപടികള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
മൂന്നാമത്തേത്, സുസ്ഥിരതാ സംരംഭങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെടുക്കുന്ന മുന്‍കൈയാണ്. 2015ല്‍ ഇന്ത്യയും ഫ്രാന്‍സും തുടക്കമിട്ട അന്താരാഷ്ട്ര സൗരസഖ്യം (ISA) ഇപ്പോഴുള്ള 115 അംഗ രാജ്യങ്ങള്‍ക്കിടയില്‍ സൗരോര്‍ജ നിരക്കു കുറയ്ക്കാനും, മൊത്തത്തിലുള്ള ആവശ്യകത വര്‍ധിപ്പിക്കാനും, സഹകരണ അവസരങ്ങള്‍ സൃഷ്ടിക്കാനുമായി രൂപകല്‍പ്പന ചെയ്തതാണ്. 2019ല്‍ ഇന്ത്യ ആരംഭിച്ച ദുരന്തനിവാരണ അടിസ്ഥാന സൗകര്യ സഖ്യം (CDRI) കാലാവസ്ഥാ വ്യതിയാനത്തിന്റെ സങ്കീര്‍ണ ആഘാതങ്ങള്‍ അനുഭവിക്കുന്ന പ്രദേശങ്ങളില്‍ അതിജീവന ശേഷിയുള്ള അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നു. ദേശീയമായി നിര്‍ണയിച്ചിട്ടുള്ള സംഭാവനകള്‍ക്കു കീഴില്‍, 2030ഓടെ വനമേഖലയിലൂടെ 2.5- 3 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിനായി ഇന്ത്യ പദ്ധതിയിടുന്നു. തണ്ണീര്‍ത്തട പരിപാലനം മെച്ചപ്പെടുത്തുന്നതിനും ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. മരുഭൂവല്‍ക്കരണത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചപ്പോള്‍, 26 ദശലക്ഷം ഹെക്റ്റര്‍ വനഭൂമി പുനഃസ്ഥാപിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചു.
അവസാനമായി, ലൈഫ് പദ്ധതിയിലൂടെ (പരിസ്ഥിതിക്ക് ഇണങ്ങിയ ജീവിത ശൈലി) സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകളുടെ മുഖ്യഭാഗമായി ഇന്ത്യ സുസ്ഥിര ഉപഭോഗത്തെ ഉയര്‍ത്തിക്കാട്ടി. ജനങ്ങള്‍ക്ക് അതൊരു വെല്ലുവിളിയായിരിക്കുമ്പോള്‍ തന്നെ ലക്ഷ്യങ്ങള്‍ പുനര്‍നിര്‍വചിച്ചു കൊണ്ടു വിപണികളെ വര്ത്തുന്ന സമ്പദ് വ്യവസ്ഥയ്ക്കായി തയ്യാറാക്കി. സമ്പദ്വ്യവസ്ഥ വികസിപ്പിക്കാനും, ജീവിത നിലവാരം വര്‍ധിപ്പിക്കാനും അതു വഴിയൊരുക്കുന്നു.
2047ഓടെ വികസിത രാജ്യമാകാനുള്ള യാത്രയിലെ 7 സ്തംഭങ്ങളില്‍ ഒന്ന് "ഹരിതവളര്‍ച്ച'യാണെന്ന് ഇന്ത്യ മുമ്പു തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴില്‍, വളര്‍ച്ച, സുസ്ഥിരത എന്നിവ എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാമെന്നതില്‍ രാജ്യം കഠിനമായ തിരഞ്ഞെടുപ്പുകളാണു നടത്തുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, മലിനീകരണം എന്നീ പ്രതിസന്ധികള്‍ രാജ്യത്തിന് ഒറ്റയ്ക്കു ചെറുക്കാനാകില്ല. അന്താരാഷ്ട്ര സഹകരണം, നിയമങ്ങള്‍ പാലിക്കല്‍, പ്രതിബദ്ധതകള്‍ നിറവേറ്റല്‍, ഹരിത സാങ്കേതിക വിദ്യകളുടെ സഹകരണ വികസനം, കുറഞ്ഞ ചെലവില്‍ കൂടുതല്‍ മൂലധനം എന്നിവ ഇതിന് ആവശ്യമാണ്. ആത്യന്തികമായി, ഈ സുസ്ഥിരതാ ഗാഥയുടെ മായാജാലം എപ്പോഴും നിലകൊള്ളുന്നതു ജനങ്ങള്‍ക്കും സമൂഹത്തിനും ഉള്ള പ്രതിബദ്ധത തിരികെ നല്കുന്നതിലാണ്.