ശ്രീനഗർ: കശ്മീർ താഴ്‌വരയിൽ ശക്തമായ മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച രാവിലെ പ്രദേശത്ത് കനത്ത മൂടൽ മഞ്ഞാണ് രേഖപ്പെടുത്തിയത്. ശ്രീനഗറും പരിസര പ്രദേശങ്ങളും മഞ്ഞുമൂടിക്കിടക്കുകയാണെന്നും പ്രദേശത്ത് കാഴ്ച പരിധി 50 മീറ്ററിൽ താഴെയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇത് പ്രദേശത്തെ സാധാരണ ജീവിതത്തെ മോശമായി ബാധിക്കുന്നുണ്ട്.
ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കാഴ്ച പരിധി കുറഞ്ഞ സാഹചര്യത്തിൽ കുറച്ചു വാഹനങ്ങൾ മാത്രമാണ് റോഡിൽ ഇറങ്ങുന്നത്. മാത്രമല്ല മൂടൽ മഞ്ഞിന്‍റെ പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത വകുപ്പ് ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഇത് മൈനസ് 3.0 ഡിഗ്രി സെൽഷ്യസും ചൊവ്വാഴ്ച രാത്രി ശ്രീനഗറിൽ മൈനസ് 2.6 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ കുറഞ്ഞ താപനില മൈനസ് 4.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, കഴിഞ്ഞ രാത്രിയിലെ മൈനസ് 4.7 ഡിഗ്രി സെൽഷ്യസിൽ നിന്ന് നേരിയ വർധനവുണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി. കശ്മീർ താഴ്‌വരയിലെ ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയ സ്ഥലമായിരുന്നു ഇത്. മാസാവസാനം വരെ ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.