ഇംഫാൽ: മണിപ്പുരിലെ അഞ്ച് താഴ്‌വാര ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധനം പിൻവലിച്ചു. ക്രമസമാധാന നില പുനരവലോകനം ചെയ്ത ശേഷമാണ് സംസ്ഥാന സർക്കാർ ഈ തീരുമാനമെടുത്തതെന്ന് ആഭ്യന്തര വകുപ്പ് കമ്മിഷണർ എൻ. അശോക് കുമാർ അറിയിച്ചു.
സെപ്റ്റംബർ പത്തിനാണ് ഇവിടെ നിരോധനം ഏർപ്പെടുത്തിയത്. 13ന് സോപാധികമായി ഇളവുകൾ നൽകിയിരുന്നു. പൊതുതാത്പര്യം കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം.
തീവ്രവാദികളുടെ ആക്രമണം ചെറുക്കുന്നതിൽ പരാജയപ്പെട്ട ഡിജിപിയെയും സുരക്ഷാ ഉപദേഷ്ടാവിനെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. പ്രക്ഷോഭം സംഘർഷഭരിതമായതോടെ വിദ്യാർഥികളും പൊലീസുകാരും അടക്കം എൺപതിലധികം പേർക്കു പരുക്കേറ്റിരുന്നു.