ബംഗളൂരു: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജനതാദൾ സെക്യുലർ ദേശീയ വൈസ് പ്രസിഡന്‍റ് സി.കെ. നാണുവിനെ പുറത്താക്കിയതായി പ്രഖ്യാപിച്ച് പാർട്ടി ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവ ഗൗഡ. കർണാടക യൂണിറ്റ് പ്രസിഡന്‍റ് സി.എം. ഇബ്രാഹിമിനെയും പുറത്താക്കിയിട്ടുണ്ട്. പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റീ യോഗത്തിലാണ് തീരുമാനം. മാണ്ഡ്യ പ്രസിഡന്‍റ് ഡി. രമേഷ് പശ്ചിമ ബംഗാൾ യൂണിറ്റ് പ്രസിഡന്‍റ് പുനീത് കുമാർ സിങ് എന്നിവരാണ് ഇരുവരെയും പുറത്താക്കാൻ നിർദേശിച്ചത്. മറ്റ് അംഗങ്ങൾ ഈ നിർദേശത്തോട് യോജിക്കുകയായിരുന്നുവെന്നും ഗൗഡ വ്യക്തമാക്കി.
ബിജെപിയുമായി ഒരുമിച്ച് പോകാനുള്ള ജെഡിഎസ് തീരുമാനത്തിനെതിരായി കേരളത്തിൽ യോഗം വിളിച്ചതാണ് നടപടിക്ക് കാരണമായത്. ദേശീയ നേതൃത്വത്തിന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നാണു ഇത്തരത്തിൽ ഒരു യോഗം വിളിച്ചു ചേർത്തത്. ഇത് പാർട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. കഴിഞ്ഞ മാസം കോവളത്താണ് നാണു വിഭാഗം വിമതയോഗം ചേർന്നത്.
കേരളത്തിലെ മറ്റു നേതാക്കളായ മാത്യു ടി. തോമസ്, കെ. കൃഷ്ണൻകുട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.