ന‍്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ ഗതാഗത വകുപ്പ് മന്ത്രിയും ദീർഘകാല പാർട്ടി നേതാവുമായ കൈലാഷ് ഗഹ്ലോത്ത് ആം ആദ്മിയിൽ നിന്ന് രാജിവച്ചു. പാർട്ടി ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ആരോപിച്ചാണ് മന്ത്രി കൈലാഷ് ഗഹ്ലോത്ത് ഞായറാഴ്ച ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ചത്. പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളിനെ അഭിസംബോധന ചെയ്ത് എക്സിലൂടെ പങ്ക്‌വച്ച കുറിപ്പിലാണ് ഈ കാര‍്യം വെളിപ്പെടുത്തിയത്. ഗതാഗതം, നിയമം, റവന്യു എന്നീ വകുപ്പുകളാണ് അദേഹം കൈകാര്യം ചെയ്തിരുന്നത്. 50 കാരനായ നേതാവ് പാർട്ടി നേരിടുന്ന ഗുരുതരമായ വെല്ലുവിളികൾ ചൂണ്ടിക്കാട്ടി.
'രാഷ്ട്രീയ അഭിലാഷങ്ങൾ ജനങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയെ മറികടന്നു, നിരവധി വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോയി. ശുദ്ധമായ നദിയായി മാറ്റുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്ത യമുനയെ ഉദാഹരണമായി എടുക്കുക, പക്ഷേ അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ യമുന നദി ഒരുപക്ഷേ അതിലും കൂടുതൽ മലിനമായിരിക്കുന്നു'. കൈലാഷ് ഗഹ്ലോത്ത് പറഞ്ഞു. ഡൽഹി സർക്കാർ എപ്പോഴും കേന്ദ്രവുമായി പോരാടിയാൽ ഡൽഹിക്ക് യഥാർഥ പുരോഗതി ഉണ്ടാകില്ലെന്നും ആം ആദ്മി പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയല്ലാതെ മറ്റൊരു മാർഗവും താൻ കാണുന്നില്ലെന്നും അതിനാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നുവെന്ന് ഗഹ്ലോത്ത് എക്സിലൂടെ അറിയിച്ചു.