റോയ് റാഫേൽ
ഷാർജ: ഇന്ത്യൻ സൈനികരുടെ പോരാട്ടവീര്യം ഉജ്വലമായിരുന്നെങ്കിലും പാക്കിസ്ഥാനുമായുള്ള കാർഗിൽ യുദ്ധം അവസാനിച്ചത് അമേരിക്കയുമായി നടത്തിയ നയതന്ത്ര നീക്കത്തിന്‍റെ ഫലമായിട്ടായിരുന്നു എന്ന് പ്രമുഖ നയതന്ത്രജ്ഞനും മുൻ അംബാസിഡറുമായ ടി.പി. ശ്രീനിവാസൻ. സൈനികരുടെ ജീവത്യാഗത്തെ മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജ രാജ്യാന്തര പുസ്തക മേളയിൽ തന്‍റെ ഏറ്റവും പുതിയ പുസ്തകമായ 'ഡിപ്ലോമസി ലിബറേറ്റഡ്' എന്ന കൃതിയെ ആധാരമാക്കി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു ടി.പി. ശ്രീനിവാസൻ. ഇന്ത്യയുമായുള്ള യുദ്ധം നിർത്തണമെങ്കിൽ കശ്മീർ പ്രശ്ന പരിഹാരത്തിന് യുഎസ് മധ്യസ്ഥത വഹിക്കണമെന്ന ആവശ്യം അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് യുഎസ് പ്രസിഡന്‍റായിരുന്ന ബിൽ ക്ലിന്‍റൺ മുമ്പാകെ ഉന്നയിച്ചു. എന്നാൽ, ഇക്കാര്യം ക്ലിന്‍റൺ സമ്മതിച്ചില്ല. അതിർത്തി കടന്ന് ആക്രമണം നടത്തിയത് പാക്കിസ്ഥാനാണെന്നും അതുകൊണ്ട് പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിക്കണമെന്നുമുള്ള നിലപാട് അമേരിക്ക സ്വീകരിച്ചു.
അമേരിക്കയുടെ പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് യുദ്ധം തുടരേണ്ടെന്ന് പാക്കിസ്ഥാൻ തീരുമാനിച്ചത്. എന്നാൽ പാക്കിസ്ഥാൻ പട്ടാളത്തിന്‍റെ ആക്രമണത്തെ പ്രതിരോധിക്കാൻ ഇന്ത്യൻ സൈനികർ നടത്തിയ ചെറുത്തുനിൽപ്പ് ധീരോദാത്തമായിരുന്നുവെന്നും ടി.പി. ശ്രീനിവാസൻ പറഞ്ഞു.
ഇതുപോലുള്ള നയതന്ത്ര ഇടപെടലുകളുടെയും ചർച്ചകളുടെയും അറിയാക്കഥകളാണ് ശ്രീനിവാസന്‍റെ പുസ്തകത്തിലുള്ളത്.
ഫിജിയിലെ പട്ടാള അട്ടിമറിയും ഇന്ത്യയുടെ പ്രവാസി നയവും
ഇന്ത്യൻ വംശജർക്ക് ആധിപത്യമുള്ള ഫിജിയിൽ 1987 ഇൽ ഉണ്ടായ പട്ടാള അട്ടിമറിക്ക് ശേഷം വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ വംശജരോടുള്ള കേന്ദ്ര സർക്കാരിന്‍റെ നയത്തിൽ കാതലായ മാറ്റങ്ങൾ വന്നു. താൻ ഫിജിയിൽ ഇന്ത്യൻ സ്ഥാനപതിയായി പ്രവർത്തിക്കുമ്പോഴാണ് പട്ടാള അട്ടിമറി ഉണ്ടായത്. ഇന്ത്യ ഇക്കാര്യത്തിൽ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ഫിജിക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും കോമൺവെൽത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിന് മുൻകൈ എടുക്കുകയും ചെയ്തു.
നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച ശേഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. അന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയും വിദേശകാര്യ സഹമന്ത്രി നടവർ സിങ്ങും തനിക്ക് നൽകിയ നിർദേശം ഇന്ത്യൻ സമൂഹം നേരിടുന്ന വിവേചനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതായിരുന്നു. ഇത് ഇന്ത്യ അതുവരെ സ്വീകരിച്ച് പോന്ന നയത്തിൽ നിന്നുള്ള വ്യതിയാനമായിരുന്നു.
വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിന് വേണ്ടി അന്ന് രാജീവ് ഗാന്ധി സർക്കാർ സ്വീകരിച്ച നിലപാട് ഇന്ത്യയുടെ വിദേശകാര്യ നയത്തിലെ സുപ്രധാന നാഴികകല്ലാണെന്ന് ടി പി ശ്രീനിവാസൻ പറഞ്ഞു. ഡോ.നിത സലാം മോഡറേറ്ററായിരുന്നു.