India

കോൺഗ്രസ് ഭരിക്കും; ബിജെപിക്ക് തിരിച്ചടി

കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി. ജെഡിഎസ് അപ്രസക്തമായി.

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷകൾ മറികടന്ന പ്രകടനവുമായി കോൺഗ്രസ്. 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 113 സീറ്റും കടന്ന് 136 വരെയെത്തിയിട്ടുണ്ട് പാർട്ടിയുടെ ലീഡ്.

അതേസമയം, ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെയും കഴിഞ്ഞ തവണ സർക്കാർ രൂപീകരിക്കാൻ സാധിച്ച ബിജെപിയാകട്ടെ, ഇക്കുറി കടുത്ത തിരിച്ചടിയും നേരിട്ടു. 64 സീറ്റിലേക്കൊതുങ്ങിയ ബിജെപിക്ക് ഇനി ജെഡിഎസിനെ കൂട്ടുപിടിച്ചാലും രക്ഷയില്ല. മധ്യപ്രദേശിൽ ചെയ്തതു പോലെ 'ഓപ്പറേഷൻ താമര'യിലൂടെ കോൺഗ്രസിനെ പിളർത്തുക മാത്രമാണ് ഭരണം പിടിച്ചെടുക്കാൻ അവർക്കു മുന്നിൽ ഇനിയുള്ള വഴി.

തൂക്കു നിയമസഭ വരുമെന്നും, ജെഡിഎസ് പിന്തുണയ്ക്കുന്ന പാർട്ടി സർക്കാർ രൂപീകരിക്കുമെന്നുമുള്ള എക്സിറ്റ് പോൾ പ്രവചനങ്ങളും കർണാടകയിലെ വോട്ടർമാർ പുച്ഛിച്ചുതള്ളി. 20 സീറ്റിലേക്കൊതുങ്ങിയ ജെഡിഎസിന് സാധാരണ സാഹചര്യത്തിൽ അടുത്ത നിയമസഭയിൽ ഒരു സമ്മർദ ഗ്രൂപ്പ് പോലുമാകാൻ സാധിക്കില്ല. എന്നാൽ, സാധാരണ സാഹചര്യങ്ങളെ അസാധാരണമാക്കി മാറ്റാൻ ശേഷിയുള്ള രാഷ്ട്രീയ ചാണക്യൻമാരുടെ കൂടി തട്ടകമാണ് കർണാടക.

മുഖ്യമന്ത്രി ആരാകുമെന്നു തീരുമാനിക്കുന്നതാണ് കോൺഗ്രസിനു മുന്നിൽ ഇനിയുള്ള പ്രധാന വെല്ലുവിളി. മുതിർന്ന നേതാവ് സിദ്ധരാമയ്യയുടെയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്‍റെയും അനുയായികൾ അവകാശവാദങ്ങളുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.

വോട്ടെണ്ണൽ തുടങ്ങിയതു മുതലുള്ള തത്സമ വിവരങ്ങളും വിശകലനങ്ങളും അടങ്ങുന്ന സമ്പൂർണ കവറേജ് താഴെ:

സ്നേഹത്തിന്‍റെ വിജയം, വെറുപ്പിന്‍റെയല്ല: രാഹുൽ

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് സ്നേഹത്തിന്‍റെ വിജയമാണെന്നും, വെറുപ്പിന്‍റേതല്ലെന്നും പാർട്ടി നേതാവ് രാഹുൽ ഗാന്ധി.

'വെറുപ്പിന്‍റെ വിപണി അടച്ചുപൂട്ടിക്കഴിഞ്ഞു, സ്നേഹത്തിന്‍റെ വിപണി തുറന്നും കഴിഞ്ഞു', രാഹുൽ കൂട്ടിച്ചേർത്തു.

പരാജയം സമ്മതിച്ച് കർണാടക മുഖ്യമന്ത്രി

തിരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഫലം പുറത്തു വന്നതിനുശേഷം വിശകലനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുന്നു. പാർട്ടിയെ പുനസംഘടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെണ്ണൽ 3 മണിക്കൂർ പിന്നിടുമ്പോൾ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ്. 224 ആംഗ നിയമസഭയിൽ 127 സീറ്റുകളിലാണ് മുന്നേറുന്നത്.

ബിജെപി ലീസ് നില 68 സീറ്റിൽ ഒതുങ്ങി. ജെഡിഎസ് 22 മണ്ഡലങ്ങളിലും മുന്നേറുന്നുണ്ട്. ഏഴിടങ്ങളിലാണ് മറ്റുള്ളവർ ലീഡ് ചെയ്യുന്നത്.

മുഖ്യമന്ത്രിസ്ഥാനത്തിനായി തർക്കം തുടങ്ങി

കർണാടകയിൽ ഭൂരിപക്ഷം ഏറെക്കുറെ ഉറപ്പിച്ചതോടെ കോൺഗ്രസ് നേതാക്കൾക്കിടയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കവും തുടങ്ങി. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്‍റെ മകൻ യതീന്ദ്ര സിദ്ധരാമയ്യ തന്നെയാണ് അധികാരക്കൊതിയുടെ ആദ്യത്തെ വിസിൽ ഊതിയിരിക്കുന്നത്.

അതേസമയം, ബിജെപി തന്ത്രങ്ങൾക്കു മറുതന്ത്രമൊരുക്കിയും ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ വെല്ലുവിളി അതിജീവിച്ചും പാർട്ടിയെ നയിച്ച ഡി.കെ. ശിവകുമാർ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് അദ്ദേഹത്തിന്‍റെ അനുയായികൾ ആവശ്യപ്പെടുന്നത്.

ഇരു നേതാക്കളും അവരവരുടെ മണ്ഡലങ്ങളിൽ വലിയ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുന്നുമുണ്ട്.

അതേസമയം, അധികാരത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് ബിജെപി അതനുസരിച്ചുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ടെന്നുറപ്പ്. തെരഞ്ഞെടുപ്പിനു മുൻപ് അതൃപ്തരായ ബിജെപി നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നെങ്കിൽ, തെരഞ്ഞെടുപ്പിനു ശേഷം അതൃപ്തരായ കോൺഗ്രസ് നേതാക്കളെ ബിജെപിയിലെത്തിക്കാനായിരിക്കും പാർട്ടിയുടെ ശ്രമം.

കോൺഗ്രസ് ഒറ്റയ്ക്ക് ഭരിക്കും

കർണാടകയിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കിയ സാഹചര്യത്തിൽ പാർട്ടി ഒറ്റയ്ക്ക് തന്നെ സർക്കാർ രൂപീകരിക്കുമെന്ന് പാർട്ടി വക്താവ് പവൻ ഖേര.

നേതാവിനെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കായി പാർട്ടി നിയമസഭാ കക്ഷി ഞായറാഴ്ച യോഗം ചേരാനും തീരുമാനം.

ഓപ്പറേഷൻ താമരയ്ക്ക് കോൺഗ്രസ് പ്രതിരോധം

ഭൂരിപക്ഷമില്ലാതെ സർക്കാരുകൾ രൂപീകരിക്കുന്നതിൽ 'സ്പെഷ്യലൈസ്' ചെയ്ത ബിജെപിയുടെ ഭീഷണി ഒരു വശത്ത്. മറുകണ്ടം ചാടാതെ എംഎൽഎമാരെ കാക്കേണ്ട കോൺഗ്രസ് ബാധ്യത മറുവശത്ത്. വ്യക്തമായ ലീഡ് നേടിയിട്ടും കോൺഗ്രസ് നേതാക്കൾക്ക് വിശ്രമമില്ല.

ജയസാധ്യതയുള്ള സ്ഥാനാർഥികളെല്ലാം അടിയന്തരമായി ബംഗളൂരവിൽ എത്തിച്ചേരാൻ നിർദേശിച്ചിരിക്കുകയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ. ഇതിനായി ഹെലികോപ്റ്ററുകളും ചാർട്ടർ ചെയ്ത വിമാനങ്ങളും വരെ തയാറാക്കിയിട്ടുണ്ടെന്നാണ് സൂചന.

വോട്ടെടുപ്പിലൂടെയല്ലാതെ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കുന്ന ബിജെപി തന്ത്രമാണ് പൊതുവേ ഓപ്പറേഷൻ താമര എന്നു വിശേഷിപ്പിക്കപ്പെടുന്നത്. മധ്യപ്രദേശിൽ അടക്കം പരീക്ഷിച്ചു വിജയിച്ച തന്ത്രത്തിനു തടയിടാനുള്ള മറുതന്ത്രങ്ങൾക്ക് കർണാടകയിൽ ഡി.കെ. ശിവകുമാർ നേരിട്ടാണ് നേതൃത്വം നൽകുന്നത്.

'ലീഡ് ചെയ്യുന്നവർ ബംഗളൂരുവിലെത്തണം'

കർണാടകയിൽ ലീഡ് ചെയ്യുന്ന കോൺഗ്രസ് സ്ഥാനാർഥികളെല്ലാവരും അടിയന്തരമായി ബംഗളൂരുവിലെത്താൻ പിസിസി പ്രസിഡന്‍റ് ഡി.കെ. ശിവകുമാർ നിർദേശം നൽകി.

എംഎൽഎമാരെ ചാക്കിട്ടു പിടിച്ച് ബിജെപി അധികാരം പിടിച്ചെടുക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് കർക്കശ നിർദേശം.

എക്സിറ്റ് പോളുകൾ പാളുന്നു

കർണാടകയിൽ തൂക്ക് നിയമസഭ വരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ പാളുന്നതായി ആദ്യ ഘട്ട ലീഡ് സൂചനകൾ. കോൺഗ്രസിനു നേരിയ മുൻതൂക്കം ചില ഏജൻസികൾ പ്രവചിച്ചിരുന്നെങ്കിലും, എല്ലാ പ്രവചനങ്ങളെയും കവച്ചു വയ്ക്കുന്ന പ്രകടനുമായി സംസ്ഥാനത്ത് കോൺഗ്രസ് തരംഗം തന്നെയെന്നാണ് നിലവിലുള്ള സൂചന.

മുൻകരുതലുകളുമായി കോൺഗ്രസ്

ബിജെപിക്കു ഭരിക്കാൻ ഭൂരിപക്ഷം ആവശ്യമില്ലെന്ന സമീപകാല ചരിത്രപാഠങ്ങളുടെ പശ്ചാത്തലത്തിൽ, സ്വന്തം നിയുക്ത എംഎൽഎമാരുടെ കൂറ് ഉറപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി.

ലീഡ് ചെയ്യുന്ന സ്ഥാനാർഥികളുമായി മുതിർന്ന നേതാക്കൾ സംസാരിക്കുന്നു. ബിജെപിക്കു വേണ്ടി അഖിലേന്ത്യാ തലത്തിൽ അമിത് ഷാ നടത്തുന്ന ചരടുവലികൾക്കു ബദലമായി കർണാടകയിൽ കോൺഗ്രസിനു വേണ്ടി ഡി.കെ. ശിവകുമാറിന്‍റെ ചാണക്യ തന്ത്രങ്ങൾ.

ബിജെപി നടത്താനിടയുള്ള രാഷ്ട്രീയ കുതിരക്കച്ചവടത്തിന്‍റെ സാധ്യതകൾ മുൻകൂട്ടി കണ്ട് തടയിടാൻ ശിവകുമാറിന്‍റെ നീക്കങ്ങൾ.

പാലക്കാട് നിശബ്ദ പ്രചാരണം; വോട്ടെടുപ്പ് ബുധനാഴ്ച

സ്വർണ വില കൂടുന്നു; പവന് 560 രൂപ കൂടി 56,520 രൂപ

ആലപ്പുഴയിൽ സ്ത്രീയെ കൊന്നു കുഴിച്ചു മൂടിയതായി സംശയം; കരൂർ സ്വദേശി പിടിയിൽ

തുടർച്ചയായി സെൽഫി; പാപ്പാനെയും ബന്ധുവിനെയും പിടിയാന ചവിട്ടിക്കൊന്നു

കേന്ദ്ര അവഗണന: വയനാട് എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ഹർത്താൽ ആരംഭിച്ചു