ശ്രീനഗർ: കശ്മീരിൽ പലയിടത്ത് നിന്ന് 27 പേരെയോളം വിവാഹം കഴിച്ച് കബിളിപ്പിച്ച യുവതി പിടിയിൽ. ഷഹീന്‍ അക്തർ എന്ന 30 കാരിയാണ് പിടിയിലായത്. ബ്രോക്കർ വഴി വിവാഹം ചെയ്ത് 10-20 ദിവസങ്ങൾക്ക് ശേഷം അവിടെ നിന്നും പണവും സ്വർണവുമായി മുങ്ങുന്നതാണ് ഇവരുടെ രീതി. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ 12 ലധികം പുരുഷന്മാർ എത്തി തുടങ്ങിയതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
യുവാക്കൾ പരാതിക്കൊപ്പം നൽകിയ യുവതിയുടെ ഫോട്ടോ പരിശോധിച്ചപ്പോഴാണ് ലഭിച്ച 12 പരാതികളിലേയും സ്ത്രീ ഒന്ന് തന്നെയാണെന്ന് മനസിലാക്കുന്നത്. തട്ടിപ്പിന് ഇരയായവരെല്ലാം ബ്രോക്കർ വഴിയാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം അവരുടെ പണവും സ്വർണവുമായി യുവതി മുങ്ങും. തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിലൊടുവിലാണ് കഴിഞ്ഞയാഴ്ച രജൗരിയിലെ ടൗണിൽ നിന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ പേരിലാണ് യുവതി എല്ലാവരേയും വിവാഹം ചെയ്തിരിക്കുന്നത്. ബുഡ്ഗാമിൽ മാത്രം ബ്രോക്കർമാരുടെ സഹായത്തോടെ 27 പേരെ വിവാഹം കഴിച്ചു. തട്ടിപ്പിന് പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയ്ക്കുന്നതായി പരാതികാർക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു.