ന്യൂഡൽഹി: അപകീർത്തിക്കേസിൽ അനുകൂല വിധി ലഭിച്ചതിനു പിന്നാലെ രാഹുൽ ഗാന്ധിക്ക് സ്വന്തം കൈ കൊണ്ട് വച്ചു വിളമ്പി സന്തോഷം പ്രകടിപ്പിച്ച് ലാലു പ്രസാദ് യാദവ്. ബിഹാറിലെ പ്രശസ്തമായ ചമ്പാരൺ മട്ടനാണ് ലാലു രാഹുലിനു വേണ്ടി പാചകം ചെയ്തത്.
ലാലുപ്രസാദ് യാദവിന്റെ മകളും ആർജെഡി എംപിയുമായ മിസ ഭാരതിയുടെ ഔദ്യോഗിക വസതിയിലാണ് ലാലു രാഹുലിനു വേണ്ടി വിരുന്നൊരുക്കിയത്. ഇതിനായി ബിഹാറിൽ നിന്ന് പ്രത്യേകം സുഗന്ധദ്രവ്യങ്ങളും പാചകക്കൂട്ടുകളും എത്തിച്ചിരുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയുടെ യോഗം ചേരാനിരിക്കേ ലാലുപ്രസാദ് രാഹുലിന് നൽകിയ വരവേൽപ്പ് ശ്രദ്ധയാകർഷിക്കുന്നുണ്ട്. ലാലുവും രാഹുലും തമ്മിലുള്ള അടുപ്പം ഇതിനുമുൻപും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.