മണിപ്പുർ വീണ്ടും കത്തുന്നു 
India

മണിപ്പുർ വീണ്ടും കത്തുന്നു

കുക്കികൾ തട്ടിക്കൊണ്ടുപോയവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: സ്ത്രീകളും കുട്ടികളുമുൾപ്പെടെ കുക്കി സായുധ വിഭാഗം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ആറു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനെത്തുടർന്നു മണിപ്പുരിൽ വീണ്ടും സംഘർഷം. പ്രതിഷേധക്കാർ രണ്ടു മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടുകൾ ആക്രമിച്ചു. ഇതോടെ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏഴു ജില്ലകളിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. കഴിഞ്ഞ ദിവസം ജിരിബാമിലെ ബൊകോബെറയിൽ ആക്രമണം നടത്തിയ കുക്കി സായുധ വിഭാഗം തട്ടിക്കൊണ്ടുപോയ എട്ടു മാസം മാത്രം പ്രായമുള്ള കുട്ടിയുടേതടക്കം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവിടെ സിആർപിഎഫ് ക്യാംപും പൊലീസ് സ്റ്റേഷനും വീടുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിച്ച കുക്കി സംഘത്തിലെ 10 പേരെ രക്ഷാസേന വധിച്ചിരുന്നു.

മെയ്തി വിഭാഗത്തിൽപ്പെടുന്ന സർക്കാർ ജീവനക്കാരനായ ലൈഷ്റാം ഹെറോജിത്തിന്‍റെ രണ്ടു മക്കൾ, ഭാര്യ, ഭാര്യാ മാതാവ്, ഭാര്യയുടെ സഹോദരി എന്നിവരെയുൾപ്പെടെ ഈ ആക്രമണത്തിനുശേഷം കാണാതായിരുന്നു. ഇവർക്കായി തെരച്ചിൽ തുടരുമ്പോൾ വെള്ളിയാഴ്ച രാത്രി അസം അതിർത്തി പങ്കിടുന്ന ജിരിബാം ജില്ലയിൽ നിന്ന് രണ്ടു കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മൃതദേഹങ്ങൾ കൂടി ലഭിച്ചു. ഇതോടെ, സംഘർഷം രൂക്ഷമാകുകയായിരുന്നു.

ആരോഗ്യ- കുടുംബക്ഷേമ മന്ത്രി സപാം രഞ്ജൻ, പൊതുവിതരണ മന്ത്രി എൽ. സുശീന്ദ്രോ സിങ്, മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്‍റെ മരുമകൻ കൂടിയായ ബിജെപി എംഎൽഎ ആർ.കെ. ഇമോ, സ്വതന്ത്ര എംഎൽഎ സപാം നിഷികാന്ത സിങ് തുടങ്ങിയവരുടെ വീടുകളിലേക്ക് പ്രക്ഷോഭകർ ഇരച്ചുകയറി. തങ്ങൾക്കു സുരക്ഷയൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അടിയന്തര നടപടി വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. നേതാക്കളുടെ വീടുകളിലെ ജനലുകളും ഉപകരണങ്ങളുമടക്കം തല്ലിത്തകർത്തു.

ഇതോടെ, നിരോധനാജ്ഞ പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. മണിപ്പൂരിലെ ആറു പൊലീസ് സ്റ്റേഷൻ പരിധികളിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമം കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചിരുന്നു. ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രധാന കേസുകൾ എൻഐഎയ്ക്ക് കൈമാറുമെന്നും കേന്ദ്രം.

അതേസമയം, കഴിഞ്ഞ ദിവസം സിആർപിഎഫ് ഏറ്റുമുട്ടലിൽ വധിച്ച കുക്കി സായുധ വിഭാഗത്തിലെ 10 പേരുടെയും മൃതദേഹങ്ങൾ ചുരാചന്ദ്പുരിലേക്ക് പ്രത്യേക വിമാനത്തിൽ കൊണ്ടുപോയി. അസമിലെ സിൽച്ചർ മെഡിക്കൽ കോളെജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷമാണ് ഇവ നാട്ടിലേക്കു കൊണ്ടുപോയത്. മൃതദേഹം വിട്ടുകൊടുക്കുന്നതിനെച്ചൊല്ലി ഇന്നലെ രാവിലെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അസം പൊലീസുമായി സംഘർഷമുണ്ടായി. മൃതദേഹങ്ങൾ മണിപ്പൂർ പൊലീസിനു നൽകാമെന്നും അവരാകും ബന്ധുക്കൾക്കു കൈമാറുകയെന്നുമായിരുന്നു അസം പൊലീസിന്‍റെ നിലപാട്. ഇതിനെ എതിർത്ത ബന്ധുക്കൾ പൊലീസിനും മാധ്യമപ്രവർത്തകർക്കും നേരേ കല്ലെറിഞ്ഞു. ഒരു മാധ്യമപ്രവർത്തകയുൾപ്പെടെ നിരവധി പേർക്കു പരുക്കേറ്റു. ശക്തമായ നടപടിയുണ്ടാകുമെന്നു കാച്ചർ എസ്പി നുമാൽ മഹാത മുന്നറിയിപ്പു നൽകിയതോടെയാണു സംഘർഷം അവസാനിച്ചത്. ചുരാചന്ദ്പുരിൽ എത്തിക്കുന്ന മൃതദേഹം ഏറ്റുവാങ്ങാമെന്ന എസ്പിയുടെ നിലപാടിന് ബന്ധുക്കൾ വഴങ്ങുകയായിരുന്നു.

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കുറുവാ സംഘാംഗം പിടിയിൽ

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വെറും 10 മിനിറ്റ്; റോപ് വേ യാഥാർഥ്യമാകുന്നു

രാസലഹരിയുമായി സിനിമാ താരം പരീക്കുട്ടി അടക്കം 2 പേർ അറസ്റ്റിൽ

ഐഎഎസ് തലപ്പത്തെ പോര് തുടരുന്നു; കെ. ഗോപാലകൃഷ്ണനെതിരേ പ്രശാന്ത് അനുകൂലികൾ

വിദ്വേഷ പരാമർശം: നടി കസ്തൂരി അറസ്റ്റിൽ